X

‘ആ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടെ തന്നെയുണ്ട്’; കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി

ബാംഗളൂരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് വെല്ലുവിളികളില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്ത്. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേരുമെന്നുള്ള വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കുമാരസ്വാമി നിഷേധിക്കുകയായിരുന്നു. മൂന്ന് എം.എല്‍.എമാരും തന്നെ നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു. മുംബൈയില്‍ എത്തിയതിനു ശേഷം അവര്‍ വിളിച്ചിരുന്നു. സര്‍ക്കാര്‍ ബി.ജെ.പിയുടെ ഭീഷണിക്കു നടുവില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ബി.ജെ.പി രാഷ്ട്രീയ കുതിരക്കച്ചവടമാണ് നടത്തുന്നത്. ഞങ്ങളുടെ മൂന്ന് എം.എല്‍.എമാരെ മുംബൈയിലെ ഹോട്ടലില്‍ ബി.ജെ.പി നേതാക്കന്‍മാര്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുകയാണ്. അവിടെ എന്താണ് നടക്കുന്നതെന്നും എത്ര രൂപയാണ് അവര്‍ക്ക് ഓഫര്‍ കൊടുത്തിട്ടുള്ളതെന്നുമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്കറിയാം.

മകര സംസ്‌ക്രാന്തിക്ക് ശേഷം വിപ്ലവമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. നമുക്ക് നോക്കാം. കൂറുമാറ്റ നിരോധന നിയമം ഉള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും ഡി.കെ പറഞ്ഞു. എന്നാല്‍ ഇത് തള്ളിക്കളയുന്നതായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

chandrika: