X

കനയ്യ കുമാറിനും കൂട്ടുകാര്‍ക്കും കോടതിയില്‍ വിജയം; ജെ.എന്‍.യു അധികൃതരുടെ നടപടി റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂഴിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനും മറ്റ് 14 പേര്‍ക്കുമെതിരെ യൂണിവേഴ്‌സിറ്റി അധികൃതര്‍ കൈക്കൊണ്ട അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 2016 ഫെബ്രുവരി 9-ന് കാമ്പസിനുള്ളില്‍ പരിപാടി സംഘടിപ്പിച്ചതിനാണ് ഹോസ്റ്റല്‍ സൗകര്യം നീക്കം ചെയ്യലും പിഴയും അടക്കമുള്ള അച്ചടക്ക നടപടി അധികൃതര്‍ കൈക്കൊണ്ടിരുന്നത്.

നടപടി പുനഃപരിശോധിക്കണമെന്നും തങ്ങളുടെ ഭാഗം വ്യക്തമാക്കാനും തെളിവ് നല്‍കാനും വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്നും ജസ്റ്റിസ് വി.കെ റാവു യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെട്ടു. ആറാഴ്ചക്കുള്ളില്‍ ജെ.എന്‍.യു അപ്പലറ്റ് അതോറിറ്റി പുതിയ ഉത്തരവിറക്കണം.

2013 ല്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് ജെ.എന്‍.യു കാമ്പസിലുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ കനയ്യയും മറ്റുള്ളവരും യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ ലംഘിച്ചു എന്ന് ജെ.എന്‍.യു നിയമിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കിയെങ്കിലും സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. പ്രതിഷേധത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വളിച്ചുവെന്ന് ആരോപണമുണ്ടായിരുന്നെങ്കിലും അത് കെട്ടിച്ചമച്ചതാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: