X
    Categories: keralaNews

ഡി.എന്‍.എ പരിശോധന കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമോയെന്നു ഹൈക്കോടതി പരിശോധിക്കുന്നു

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പിതൃത്വം തെളിയിക്കുന്നതിനു ഡി.എന്‍.എ പരിശോധന നടത്തുന്നതു കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമോയെന്നു ഹൈക്കോടതി പരിശോധിക്കുന്നു. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ച് അഡ്വ.അശോക് എം കിനിയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. കുട്ടികളുടെ പിതൃത്വം സംബന്ധിച്ചു സംശയത്തെ തുടര്‍ന്നു ഡി.എന്‍.എ പരിശോധന ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കുംടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

ഡി.എന്‍.എ പരിശോധന ആവശ്യപ്പെടാന്‍ മതിയായ കാരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി ആവശ്യം നിരസിച്ചത്. കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നമാണെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി ഹരജിക്കാരന്റെ ആവശ്യം നിരസിച്ചത്. ഡി.എന്‍.എ പരിശോധന ദൈനംദിന കാര്യങ്ങള്‍ പോലെ നടക്കുന്നതല്ലെന്നും കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ബാധ്യത കോടതിക്കുണ്ടെന്നും കുടുംബ കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ അച്ഛന്റെ പേര് നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നും അമ്മയുടെ പേര് മാത്രം നല്‍കിയാല്‍ മതിയെന്നും മറ്റൊരു കേസില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. അച്ഛന്‍ ആരെന്ന് അറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ നിലവില്‍ നല്‍കിയിട്ടുള്ള അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

Chandrika Web: