X
    Categories: MoreViews

മുസ്‌ലിം ലീഗ് നിയമ പോരാട്ടം ഫലം കണ്ടു; വിധി പറയും വരെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച വിധി സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ഹൈക്കോടതി. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനിക്കാനായിരുന്നു നിര്‍ദ്ദേശം. കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുതെന്ന് കോടതി പറഞ്ഞു.

മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ വി.പി ഇബ്രാഹീംകുട്ടിയാണ് ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയത്. ആ ഹര്‍ജിയിലാണ് കോടതി നിര്‍ണായകമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്.

സുപ്രീം കോടതി വിധി സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്തതായി അഭിപ്രായപ്പെട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ബാറുകാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയുടെ ചുമലില്‍ കയറി വെടിവെച്ചക്കുന്നത് അംഗീകരിക്കില്ലെന്നും ആ ഉണ്ട തിരിച്ചെടുക്കുന്നതായും രൂക്ഷമായി പ്രതികരിച്ചു.

കോടതിയുടെ മറവില്‍ ജനരോഷം മറികടക്കാന്‍ ശ്രമിക്കരുത്. അവ്യക്തതയുണ്ടെങ്കില്‍ തീര്‍ക്കാന്‍ കോടതിയെതന്നെ സമീപിക്കണമായിരുന്നു. അല്ലാതെ മദ്യശാല തുറക്കാനുള്ള തീരുമാനം എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. പുതിയ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കേണ്ടെന്നാണ് നേരത്തെ വിധിയില്‍ പറഞ്ഞിരുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് നേരത്തേ തുറന്ന ഇരുപതോളം ബാറുകളുടെ കാര്യത്തില്‍ കോടതി നാളെ വിധിപറയും. ചേര്‍ത്തല-ഓച്ചിറ-തിരുവനന്തപുരം, കണ്ണൂര്‍-വെങ്ങളം- കുറ്റിപ്പുറം ഭാഗം വരെയുള്ള മദ്യശാലകള്‍ തുറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

chandrika: