X

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ; ഹര്‍ജി ഹൈക്കോടതി തള്ളി-സർക്കാരിന് തിരിച്ചടി

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറിയതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം കൈമാറിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി എസ് ഡയസും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സംസ്ഥാന സർക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സർക്കാർ വാദം. ലേല നടപടികൾ സുതാര്യമല്ലെന്നും സർക്കാർ ആരോപിക്കുന്നു. എന്നാൽ കേരളത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് കേന്ദ്ര നിലപാട്. ലേലത്തിൽ പങ്കെടുക്കാൻ പ്രത്യേക ഇളവുകളോടെ കേരളത്തിന്‌ അനുമതി നൽകിയിരുന്നെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന് പുറമെ, വിവിധ സംഘടനകളുടേത് അടക്കം ഏഴോളം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. എല്ലാ ഹര്‍ജികളും കോടതി തള്ളി. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സർക്കാർ ആണ് പൂർത്തിയാക്കിയത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.

ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹർജിയുമായി കോടതിയെ സമീപിക്കാൻ കേരളത്തിന് അർഹത ഇല്ല. വിശാലമായ പൊതു താല്പര്യം മുൻ നിർത്തി ആണ് വിമാനത്താവളങ്ങൾ പാട്ടത്തിനു നൽകുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടും പരാജയപ്പെട്ടു എന്നും കേന്ദ്രം വാദിച്ചു.

ടെൻഡർ നടപടിയുമായി സഹകരിച്ചശേഷം പിന്നീട് തെറ്റാണെന്നു പറയുന്നത് ന്യായീകരിക്കാനാകില്ല. ഒരു എയർപോർട്ടിന്റെ ലാഭം മറ്റൊരു എയർപോർട്ടിലേക്ക് ഉപയോഗിക്കാൻ പറ്റില്ലെന്ന വാദം ശരിയല്ലെന്നും കോടതി നീരിക്ഷിച്ചു.

chandrika: