X
    Categories: indiaNews

എച്ച്.ബി.ഒ അടക്കം ഡബ്ല്യൂ.ബി ചാനലുകള്‍ വാര്‍ണര്‍ മീഡിയ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: വാര്‍ണര്‍ മീഡിയയുടെ ഉടമസ്ഥയിലുള്ള എച്ച്.ബി.ഒ അടക്കം ഡബ്ല്യൂ.ബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെയും സംപ്രേഷണം അവസാനിപ്പിക്കാനാണ് വാര്‍ണര്‍ മീഡിയയുടെ തീരുമാനം.

ഇരുപത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചിട്ടും കമ്പനിക്ക് കൃത്യമായ ബിസിനസ് കണ്ടെത്താന്‍ കഴിയാത്തതാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥ് ജെയ്ന്‍ വ്യക്തമാക്കി.

എച്ച്.ബി.ഒ ചാനലുകള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രശസ്തമാണെങ്കിലും ഇന്റര്‍നെറ്റും വിദേശ സിനിമകള്‍ക്കായി മറ്റുപല സംവിധാനങ്ങളും വന്നതോടെ വാര്‍ണര്‍ മീഡിയ ചാനല്‍ കാഴച്ചക്കാരുടെ എണ്ണം കഴിഞ്ഞ കാലങ്ങളിലായി വളരെ കുറവാണ്. ബാര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം ഇന്ത്യയില്‍ സ്റ്റാര്‍ മൂവിസ്, സോണി പിക്സ് എന്നീ ചാനലുകളേക്കാള്‍ എത്രയോ താഴെയാണ് എച്ച.ബി.ഒയ്ക്കുള്ള കാഴ്ച്ചക്കാര്‍.

അതേസമയം, ഇന്ത്യയിലെ ഡിസ്നിയുടെ ഹോട്ട്സ്റ്റാറുമായി നിലവില്‍ ഉള്ള കരാര്‍ എച്ച്.ബി.ഒ തുടരും. എന്നാല്‍ വാര്‍ണര്‍ മീഡിയയുടെ ഉടമസ്ഥയിലുള്ള കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കും പോഗോയും സിഎന്‍എന്‍ ഇന്റര്‍നാഷണല്‍ ചാനലും സംപ്രേക്ഷണം ചെയ്യുന്നത് തുടരുമെന്ന് ദക്ഷിണേഷ്യന്‍ മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥ് ജെയ്ന്‍ വ്യക്തമാക്കി.

 

chandrika: