അന്താരാഷ്ട്ര ബഹിരാകാശ രംഗത്ത് അറബ് ലോകത്തിന്റെ പെരുമയുമായി ഹസ അല്‍ മന്‍സൂരി. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കാലുകുത്തി ഹസ അല്‍ മന്‍സൂരി യു.എ.ഇയുടെ അഭിമാനമായി. ബഹിരാകാശത്ത് കാലു കുത്തുന്ന അറബു ലോകത്തു നിന്നുള്ള ആദ്യത്തെ വ്യക്തിയായി ഇതോടെ ഹസന്‍ മാറി. മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രമാണ് (എം.ബി.ആര്‍.എസ്.സി) ഇതു സംബന്ധിച്ച വിജയ പ്രഖ്യാപനം നടത്തിയത്. റഷ്യയുടെ സോയുസ് എം.എസ് 15 ബഹിരാകാശ പേടകത്തിലാണ് ഹസ അല്‍ മസൂരിയടക്കം മൂന്നു പേര്‍ യാത്ര തിരിച്ചത്. ഖസാകിസ്ഥാനിലെ ബേക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നായിരുന്നു യു.എ.ഇയുടെ ചരിത്ര കുതിപ്പ്. ഭൂമിയുടെ ഒന്നാം ഭ്രമണപഥത്തെ ചുറ്റി 6:17ഓടെ മൂവരും സുരക്ഷിതമായി ബഹിരാകാശത്ത് എത്തി. യു.എ.ഇ സമയം രാത്രി 11:44നാണ് പേടകം ബഹിരാകാശത്തെത്തിയത്. അടുത്ത മാസം മൂന്നു വരെ ഹസ്സ സ്‌പേസ് സ്റ്റേഷനില്‍ ഗവേഷണങ്ങളുമായി തുടരും.
മുഴുവന്‍ അറബ് ജനതക്കുമുള്ള സന്ദേശമാണ് ഹസ്സയുടെ നേട്ടമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വീറ്റ് ചെയ്തു. യു.എ.ഇയുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഹസ്സയുടെ നേട്ടമെന്ന് സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു.