X

ഹയ ഖത്തര്‍: മദ്യം വേണ്ട, ഫുട്‌ബോളാണ് ലഹരി

കമാല്‍ വരദൂര്‍

ഈ ചിത്രം നോക്കു… ഇന്നലെ രാവിലെ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കാമറൂണ്‍ ആരാധകക്കൂട്ടമാണ്. നാല്‍പ്പതോളം പേരുണ്ട്. സ്വന്തം ടീമിന്റെ ജഴ്‌സിയില്‍. ദേശീയ പതാകയുമേന്തി നല്ല ആഫ്രിക്കന്‍ നൃത്തചുവടുമായാണ് സംഘത്തിന്റെ വരവ്. സാധാരണ പടിഞ്ഞാറന്‍ ചിന്തയില്‍ ആഘോഷത്തിന് അലങ്കാരമായി മദ്യം വേണമല്ലോ… കുറഞ്ഞത് ബിയര്‍ എങ്കിലും…. പക്ഷേ ആഫ്രിക്കയിലെ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ കാമറൂണുകാര്‍ ഓരോ രാജ്യത്തിന്റെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ബഹുമാനിക്കുന്നവരാണ്.

സംഘത്തിലെ സീനിയറായ സാമുവല്‍ സറീതിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഫുട്‌ബോളാണ് ഞങ്ങളുടെ ലഹരി. ആ ലഹരി നുകരാനാണ് ഇവിടെയെത്തിയത്. മറ്റൊന്നും വേണ്ട….ലോകകപ്പ് ചരിത്രത്തിലെ ആഫ്രിക്കന്‍ ഇതിഹാസങ്ങളില്‍ ഒരാളായ റോജര്‍ മില്ലയുടെ നാട്ടുകാര്‍. ഗോള്‍ നേട്ടത്തിന് ശേഷം കോര്‍ണര്‍ ഫ്‌ളാഗിന് അരികിലെത്തി പ്രത്യേക നൃത്തചൂവട് നടത്തി കൈയ്യടി നേടിയ താരം. ഖത്തര്‍ ലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ മദ്യസല്‍ക്കാരം വേണ്ട എന്ന സംഘാടക സമിതി തിരുമാനിച്ച ദിവസം തന്നെ വലിയ സംഘം ആരാധകര്‍ അതിനൊപ്പം നില്‍ക്കുന്നത് സംഘാടകര്‍ക്ക് ആശ്വാസമാണ്. എന്തിനും ഏതിനും കുറ്റം പറയുന്ന യൂറോപ്പിന് പുതിയ തീരുമാനം അംഗീകരിക്കാനാവില്ലെങ്കിലും മദ്യത്തിനായി അവര്‍ക്ക് ബഹളമുണ്ടാക്കാനാവില്ല. ബൈത്ത് സ്‌റ്റേഡിയത്തിന് സമീപം കണ്ട ജര്‍മനിക്കാരന്‍ ക്ഷുഭിതനായിരുന്നു. ഒരു ബിയര്‍ പോലുമില്ലാതെ എന്തിനാണിങ്ങനെ ലോകകപ്പ് നടത്തുന്നത്…? കോളോണ്‍കാരനായ കക്ഷിയുടെ നിലപാട് ഇതായിരുന്നു. ഇങ്ങോട്ട് വരുമ്പോള്‍ എന്റെ ബാഗില്‍ രണ്ട് ബോട്ടില്‍ മദ്യമുണ്ടായിരുന്നു. അതവര്‍ പിടിച്ചെടുത്തു. ഇപ്പോള്‍ പറയുന്നു എവിടെയും ബിയറും കിട്ടില്ലെന്ന്… പക്ഷേ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ ആശ്വാസത്തോടെ പറയുന്നു നല്ല തീരുമാനം. സാധാരണ ലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ ബിയറിനായി വലിയ ക്യൂ കാണാറുണ്ട്. മല്‍സരത്തിന്റെ തുടക്കത്തിലും ഇടവേള സമയത്തുമെല്ലാം. മല്‍സര ടിക്കറ്റിന് ചെലവഴിക്കുന്നതിനേക്കാള്‍ പണമാണ് ചിലര്‍ മദ്യത്തിനായി ഉപയോഗിക്കാറ്.

ഖത്തറും ഭൂരിപക്ഷ സോക്കര്‍ ലോകവും ആഗ്രഹിക്കുന്നത് മികച്ച ഫുട്‌ബോളാണ്. അത് ആസ്വദിക്കാനാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പലരുമെത്തിയിരിക്കുന്നത്. ഖത്തര്‍ രാജകുടുംബത്തിന്റെ ശക്തമായ ഇടപെടലിലാണ് സ്‌റ്റേഡിയങ്ങളില്‍ മദ്യവിതരണം ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്. യൂറോപ്പില്‍ ലോകകപ്പ് നടന്നപ്പോഴെല്ലാം സ്‌റ്റേഡിയങ്ങളില്‍ മദ്യം സുലഭമായിരുന്നു. ആയിരക്കണക്കിന് ലിറ്റര്‍ ബിയറാണ് ഓരോ മല്‍സരത്തിലും വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. ഫിഫയുടെ സ്‌പോണ്‍സര്‍ സംഘത്തിലെ മദ്യ ഗ്രൂപ്പുകളുടെ ഇടപെടലുകളിലായിരുന്നു കുത്തഴിഞ്ഞ മദ്യസല്‍ക്കാരം.ഖത്തറിന്റെ പുതിയ തീരുമാനത്തില്‍ ഒന്നുറപ്പാണ് യൂറോപ്യര്‍ക്ക് ഹാലിളകും. ഇപ്പോള്‍ തന്നെ പലവിധ കാരണങ്ങള്‍ പറഞ്ഞ് യൂറോപ്യന്‍ മാധ്യമങ്ങള്‍ ഖത്തറിനെ വിമര്‍ശിക്കുകയാണ്. അത് കേട്ട് ചില ഇന്ത്യന്‍ മാധ്യമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളെല്ലാം പറഞ്ഞ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നു. പക്ഷേ ദോഹയിലെ എട്ട് ലോകകപ്പ് വേദികളിലും ഇതിനകം പോയപ്പോള്‍ എല്ലാവരും നൂറ് ശതമാനം ഹാപ്പിയാണ്. ഇന്നലെ ഖലീഫ സ്‌റ്റേഡിയത്തില്‍ രാവിലെ പോയപ്പോള്‍ അവിടെ മെട്രോ സ്‌റ്റേഷനില്‍ നിന്നും ആരാധകരെ സ്‌റ്റേഡിയത്തിലേക്ക് നയിക്കുന്ന വോളണ്ടിയര്‍ സംഘത്തിന്റെ ഓസ്‌ട്രേലിയക്കാരനായ തലവന്‍ പറഞ്ഞത് ഇത് വരെ കണ്ട ഏറ്റവും നല്ല ലോകകപ്പായിരിക്കുമിതെന്നാണ്. മൈതാനത്തിന് പുറത്ത് തലശ്ശേരി കരിയാട്ടുകാരായ 19 അംഗ സംഘത്തെയും കണ്ടു. എല്ലാവരും വോളണ്ടിയര്‍മാര്‍. അവരില്‍ രണ്ട് വനിതകളും. എല്ലാവരും സംഘാടനത്തില്‍ ഹാപ്പി. ജുമുഅ ഖലീഫ സ്‌റ്റേഡിയത്തിന് സമീപത്തെ മാമുസ് പള്ളിയിലായിരുന്നു. അവിടെ നിന്നും പരിചയപ്പെട്ട പാക്കിസ്താന്‍കാരനായ അബ്ദുള്‍ ഖാദിറും വോളണ്ടിയര്‍ തന്നെ. എല്ലാവരും ഒരേ സ്വരത്തില്‍ നല്ലത് മാത്രം പറയുമ്പോള്‍ ചില യൂറോപ്യന്‍ മാധ്യമങ്ങളുടെ കുറ്റപ്പെടുത്തലുകള്‍ ഒന്നുമറിയാതെയാണ്.

Test User: