ഖത്തറില്‍ നിന്ന് കമാല്‍ വരദൂര്‍
ഹയ എന്ന അറബി വാക്കിനര്‍ത്ഥം ജീവിതം, വിശ്വാസം, സൗഹൃദം, സ്‌നേഹം എന്നിങ്ങനെ. ഹയാത്ത് അഥവാ ജിവിതം എന്ന പദം ലോപിച്ചാണ് ഹയ ആയിരിക്കുന്നത്. പദത്തിന്റെ അര്‍ത്ഥം സാഹചര്യം പോലെ വിവക്ഷിക്കാം. ഈ രണ്ടക്ഷര അറേബ്യന്‍ പദമറിയാത്തവരായി ഇന്ന് ലോകത്താരുമില്ല. ഖത്തറിലെത്തണമെങ്കില്‍ ഹയ വേണം. ഇവിടെ സഞ്ചരിക്കണമെങ്കില്‍ ഹയ വേണം. വിമാനത്താവളത്തിനകത്തും പുറത്തുമെല്ലാം ഹയ തന്നെ. ഹയ കാര്‍ഡുള്ളവര്‍ക്ക് ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രത്യേക കൗണ്ടര്‍.
അവിടെ കാര്യമായ ക്യൂ വേണ്ട. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷനായി അതിവിശാല ക്യു ഇല്ല. പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുന്നു. അതില്‍ ഹയ തെളിയുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് പുറത്ത് കടക്കാം. വിമാനത്താവളത്തില്‍ ഹയക്കൊപ്പം സൗജന്യ സിം കാര്‍ഡ്മൂന്ന് ദിവസം സമ്പൂര്‍ണ സൗജന്യമായി ആരെയും വിളിക്കാം. ഇന്റര്‍നെറ്റ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്താം. വിമാനത്താവളത്തിന് പുറത്തിറങ്ങിയാലും കേള്‍ക്കാനാവുന്നത് ഇത് തന്നെ. ഇത്തരമൊരു പൊതു തിരിച്ചറിയല്‍ സംവിധാനം ഇതാദ്യമായാണ് ലോകകപ്പ് സംഘാടക രാജ്യത്ത് കാണുന്നത്. ഇതിന് പിറകില്‍ മുഖ്യ സംഘാടകരായ സുപ്രീം കമ്മിറ്റി കാണുന്നത് ഒന്ന് മാത്രം ഏകീകരണം. കൃത്യമായ സാങ്കേതിക സംവിധാനത്തിലാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്. പതിവ് പോലെ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍. വിശാലമായ വോളണ്ടിയര്‍ സംവിധാനം. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യാന്തര വിമാനത്താവളമാണ് ഹമദ്. ആദ്യ കാഴ്ച്ചയില്‍ ഒരു സ്വപ്‌നഭൂമി.
പക്ഷേ തടസങ്ങളില്ലാതെ ലക്ഷ്യത്തിലെത്താനുള്ള മാനുഷിക സംവിധാനങ്ങള്‍. ഫോട്ടോ സ്‌പോട്ടായി ലോകകപ്പ് ഭാഗ്യ ചിഹ്നനങ്ങളുടെ കൂറ്റന്‍ റപ്ലിക്കകള്‍. അടിമുടി മാറിയിരിക്കുന്നു ലോകകപ്പിനായി ഖത്തറും ദോഹയും. മുമ്പ് ഇവിടം സന്ദര്‍ശിച്ചവര്‍ക്ക് കാലിക മാറ്റങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. സുന്ദരമായ പാതകള്‍, ഇരുവശവും ലോകത്തെ സ്വാഗതം ചെയ്തുള്ള ഇലക്‌ട്രോണിക് ബോര്‍ഡുകള്‍.
ഹമദില്‍ നിന്നും ദോഹ നഗരത്തിലേക്ക് വരുമ്പോള്‍ തലയെടുപ്പോടെ സ്‌റ്റേഡിയം 974. കോര്‍ണിഷ് എന്ന ദോഹയുടെ സുന്ദരമുഖത്ത് ഫല്‍ഗ് പ്ലാസയും ഫാന്‍ ബേസുമെല്ലാം.. പ്രഭാത, പ്രദോഷ സവാരിക്കായി എല്ലാവരും ആശ്രയിച്ച ശാന്ത സുന്ദര കടല്‍ തീരത്തേക്ക് പക്ഷേ വാഹന സൗകര്യം താല്‍കാലികമായി ഇല്ല. പൂര്‍ണമായും കാല്‍നട യാത്ര. എട്ട് വേദികളില്‍ അല്‍കോര്‍ സ്‌റ്റേഡിയത്തിലേക്ക് മാത്രം മെട്രോ സംവിധാനമില്ല. ബാക്കിയെല്ലായിടത്തുമെത്താന്‍ വേണ്ടത് ഹയ കാര്‍ഡ് മാത്രം. ഹയ മെട്രോ സ്‌റ്റേഷന്‍ കവാടത്തില്‍ സ്‌കാന്‍ ചെയ്താല്‍ അതിവേഗ നഗര വാഹനത്തില്‍ ഓടിക്കയറാം. ഫൈനല്‍ മല്‍സര വേദിയായ ലുസൈല്‍ ഉള്‍പ്പെടെ പ്രധാന കളി വേദികളിലെത്താം.
16 വര്‍ഷം മുമ്പ് ദോഹ ഏഷ്യന്‍ ഗെയിംസിനായി (2006) വന്നപ്പോഴുള്ള ദോഹയാണ് പെട്ടെന്ന് മനസില്‍ വന്നത്. അന്ന് ഏഷ്യന്‍ ഗെയിംസ് അതിഥികള്‍ക്കായി പ്രത്യേക ടെര്‍മിനലായിരുന്നു. കൊച്ചു നഗരം മുഴുവന്‍ ഗെയിംസ് ഭാഗ്യ ചിഹ്നന്മായ ഒറിയായിരുന്നു. ഒറി എന്ന കൊച്ചു മൃഗമായിരുന്നു രാജ്യം മുഴുവന്‍. ഖലീഫ സ്‌റ്റേഡിയത്തിലായിരുന്നു അന്ന് ഉദ്ഘാടനം. ചന്നം പിന്നം പെയ്ത മഴയിലും ആ ഉദ്ഘാടനം വിസ്മയ ചടങ്ങ് ഇപ്പോഴും ലോകം ഓര്‍ത്തിരിക്കുന്നു. രാജകുമാരന്‍ കുതിരപ്പുറത്ത് ഓടിക്കയറിയ രംഗം. ശ്വാസമടക്കിപ്പിടിച്ച് അമീര്‍ ഹമദ് ബിന്‍ കലീഫ അല്‍ത്താനിയും ലോകവും. കുത്തനെ ഗ്യാലറിയിലേക്ക് ഓടിക്കയറവെ കുതിരയൊന്ന് നിന്നപ്പോള്‍ ലോകം നിശ്ചലമായി. നിശബ്ദമായ ആ മുഹൂര്‍ത്തത്തെ ധൈര്യത്തോടെയാണ് ഇന്നും ഖത്തര്‍ കാണുന്നത്. അതാണ് കൊച്ചു രാജ്യത്തിന്റെ കായിക പാരമ്പര്യം. സ്വന്തം മകനെ അശ്വാരൂഢനാക്കിയ പിതാവ്. ഹമദ് ബിന്‍ ഖലീഫാ അല്‍ത്താനിയുടെ മകനായ ഷെയ്ക്ക് തമീമാണ് ഇന്നത്തെ ഭരണാധികാരി. 2006 ല്‍ നിന്നും അതിവേഗം രാജ്യത്തെ ലോകത്തെ വിസ്മയ ഖനിയാക്കിയ യുവ ഭരണാധികാരി. ഖലീഫ സ്‌റ്റേഡിയത്തിന് പുറമെ ഇന്ന് ഏഴ് പുതുപുത്തന്‍ കളി വേദികള്‍. എല്ലാം വിസ്മയ പര്‍വങ്ങള്‍. അല്‍ കോറിലെ അറേബ്യന്‍ പായ്ക്കപ്പല്‍ സ്‌റ്റേഡിയം ഖത്തറിന്റെ സാംസ്‌കാരികതക്കുള്ള തെളിവാണ്. 2006 ല്‍ കണ്ട ഒറിക്ക് പകരം ഇന്ന് കാണുന്നത് ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായ ലായിബിനെ. അത്യപൂര്‍വ ഗുണഗണങ്ങളുള്ള കളിക്കാരന്‍ എന്നതാണ് ലായിബ്.
അതെ, ഖത്തര്‍ ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്‍ സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്‍ന്ന സാംസ്‌കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണമെന്ന് ഹമദില്‍ സ്വീകരിക്കാനെത്തിയ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ അബ്ദുള്‍ അസീസ് എടച്ചേരിയും ചന്ദ്രിക ദോഹ ബ്യൂറോ ചീഫ് അഷ്‌റഫ് തുണേരിയും കെ.എം. സി.സി നേതാക്കളായ നിഅമത്തുല്ല കോട്ടക്കലും കോയ കൊണ്ടോട്ടിയും സഹദ് പുറമേരിയും ഫോട്ടോഗ്രാഫര്‍ റുബിനാസ് കോട്ടേടത്തും സാക്ഷ്യപ്പെടുത്തുമ്പോള്‍ ഒന്നുറപ്പാണ് ഈ ലോകകപ്പ് ലോക കായിക ഭൂപടത്തില്‍ ഖത്തറിനെ അടയാളപ്പെടുത്തലാവും.