ഇസ്മയില്‍ പി മൂത്തേടം
സംസ്ഥാന സഹകരണ ബാങ്കെന്ന നഷ്ടക്കെണിയിലേക്ക് 13 ജില്ലാ ബാങ്കുകള്‍ക്ക് പിന്നാലെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെക്കൂടി വലിച്ചിടുകവഴി ജനന്മയെക്കരുതി വലിയൊരു തീരുമാനം നടപ്പിലാക്കിയെന്ന് സര്‍ക്കാര്‍ വരുത്തിതീര്‍ക്കുകയാണ്; കേരളത്തിന് സ്വന്തമായൊരു ബാങ്ക് ‘കേരള ബാങ്ക്’ എന്ന സ്വപ്‌നമിതാ സമ്പൂര്‍ണമായിരിക്കുന്നു. ഒരു സാധാരണക്കാരനിങ്ങനെ വിശ്വിസിച്ചിരിക്കുമ്പോള്‍ സി.പി.എം ഒളിച്ചുകടത്തുന്നത് തങ്ങള്‍ക്ക് സ്വന്തമായി അഥവാ പാര്‍ട്ടിക്ക് മാത്രമായൊരു ബാങ്കെന്ന ലക്ഷ്യം മാത്രമാണ്. സഹകരണ വകുപ്പിന്റെയും സര്‍ക്കാറിന്റെയും പുതിയ നീക്കങ്ങളുടെ പരിണിത ഫലമെന്തെന്ന് ചോദിച്ചാല്‍ ലാഭത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും ശതകോടികളുടെ നഷ്ടത്തില്‍ ലയിച്ചില്ലാതാവുമെന്നതാണ്.
വരുതിയിലാക്കി നിയന്ത്രിക്കുക, ഇല്ലെങ്കില്‍ ഏതു വിധേനയും പിടിച്ചെടുക്കുക എന്ന കമ്യൂണിസ്റ്റ് കുതന്ത്രം സഹകരണ മേഖലയിലേക്ക്കൂടി കടന്നുകയറുമ്പോള്‍ അത് സാധാരണക്കാരായ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയമാകുമെന്നതാണ് സത്യം. ഈ യാഥാര്‍ത്ഥ്യ ബോധ്യത്തില്‍നിന്നുകൊണ്ടുതന്നെയാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിയെ പരമോന്നത കോടതിയില്‍ ചോദ്യം ചെയ്യുകയെന്ന തീരുമാനത്തിലേക്ക് യു.ഡി. എഫിനെയും സഹകരണ സെല്ലിനെയും എത്തിച്ചത്.
ജനറല്‍ ബോഡികളാല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളാണ് ഓരോ സഹകരണ സ്ഥാപങ്ങളുടെയും ഭരണം നടത്തേണ്ടത്. ഈ സ്വയംഭരണാധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നു; ചൊല്‍പ്പടിക്കാരായ ഉദ്യോഗസ്ഥരാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ മാത്രമാക്കി മാറ്റപ്പെടുന്നു. സഹകരണ മേഖലയില്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. സഹകരണ സ്ഥാപനങ്ങള്‍ പലതും ഇന്ന് ഉദ്യോഗസ്ഥ നിയന്ത്രിത സ്ഥാപനങ്ങളാക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും വിനാശകരമായ തീരുമാനമായി മാറാന്‍ പോകുന്നതാണ് സഹകരണ ബാങ്കിങ് മേഖലയിലെ തിത്രല സംവിധാനം തകര്‍ത്ത് ദ്വിതല സംവിധാനത്തിലേക്ക് മാറ്റിയെന്നത്. ജില്ലാ സഹകരണ ബാങ്കുകളെ അസ്ഥിരപ്പെടുത്തുക. ഇതുവഴി സഹകരണ ബാങ്കിങ് സംവിധാനം സമ്പൂര്‍ണമായി സി.പി.എം നിയന്ത്രണത്തിലാക്കുക. ഇതൊന്നു മാത്രമാണ് തീരുമാനത്തില്‍ പിന്നില്‍.
2017 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തുണ്ടായിരുന്ന 14 ജില്ലാ ബാങ്കുകളിലെയും ഭരണസമിതികള്‍ പിരിച്ചുവിടുന്നു. ഈ ബാങ്കുകളുടെ ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നു. മാസങ്ങളെടുത്ത കരുനീക്കത്തിലൂടെ 14 ജില്ലാബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള പ്രമേയം കൊണ്ടുവരുന്നു. 2019 ല്‍ ഈ നീക്കത്തിന്റെ വിജയത്തിനായി സഹകരണ നിയമത്തില്‍ 14 എ ഭേദഗതി കൊണ്ടുവരുന്നു. ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്നത് കേവല ഭൂരിപക്ഷം എന്നാക്കി മാറ്റുന്നതിനുള്ളതാണ് നിയമത്തിലെ ഒരു തിരുത്ത്. എങ്കില്‍ മാത്രമേ സര്‍ക്കാരിന് ഉദ്ദിഷ്ട കാര്യം സാധിച്ചെടുക്കാനാകുമായിരുന്നുള്ളൂ. 2019 മാര്‍ച്ച് ഏഴിന് ജില്ലാ ബാങ്കുകളില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ വിളിച്ചുചേര്‍ത്ത ജനറല്‍ ബോഡി മീറ്റിങുകളില്‍ 13 ജില്ലാ ബാങ്കുകളിലും ലയന പ്രമേയം പാസ്സായി. പക്ഷേ മലപ്പുറം പ്രമേയത്തെ തള്ളി. 2019 നവംബറില്‍ 13 ബാങ്കുകളുടെ ലയനം നടപ്പാക്കി ഉത്തരവുമിറക്കി. അങ്ങനെ 13 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് പുതിയൊരു പേരു നല്‍കി. ആര്‍.ബി.ഐ ഇന്നും അറിയാത്ത ‘കേരള ബാങ്ക്’ ഉണ്ടായതിങ്ങനെയാണ്. ഈ ബാങ്കില്‍ തിരഞ്ഞെടുപ്പ് നടത്തി സി.പി.എമ്മുകാരനായ പ്രസിഡന്റിനെ കുടിയിരുത്തി. സംസ്ഥാന സഹകരണ ബാങ്കിന് ‘കേരള ബാങ്ക്’ എന്ന പേരു നല്‍കിയത് ഭരണസമിതി മാത്രമാണ്. ഇങ്ങനെ പേര് നല്‍കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ആര്‍.ബി.ഐ വിവരാവകാശ നിയമപ്രകാരം നേരത്തെതന്നെ മറുപടി നല്‍കിയത് വാര്‍ത്തയായിരുന്നു. അവിഹിത മാര്‍ഗത്തിലെങ്കിലും അവതരിപ്പിക്കപ്പെട്ട പ്രമേയം 13 ജില്ലാ സഹകരണ ബാങ്കുകള്‍ അംഗീകരിച്ചിട്ടുണ്ടെന്ന ന്യായം അംഗീകരിക്കാം. പക്ഷേ 132 അംഗങ്ങളില്‍ വോട്ടു ചെയ്ത 129 പ്രാഥമിക സംഘങ്ങളില്‍ 97 അംഗങ്ങളും തള്ളിയ പ്രമേയം എങ്ങിനെ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ അടിച്ചേല്‍പ്പിക്കുമെന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്. ജനാധിപത്യപരമായി തീരുമാനമെടുക്കാനും സ്വതന്ത്രമായി നിലനില്‍ക്കാനുമുള്ള സ്ഥാപനത്തിന്റെ ജനറല്‍ബോഡി തീരുമാനത്തെ ഒരു തരത്തിലും
അംഗീകരിക്കില്ലെന്ന മനോവൈകൃതം തന്നെയാണ് തുടര്‍ന്നുള്ള സര്‍ക്കാറിന്റെ നീഗൂഢമായ ലയന നടപടികളുടെ തുടര്‍ക്കഥ.
ഒരു ജില്ലാ ബാങ്ക് ലയനം നടപ്പാക്കിയില്ലെങ്കിലും അംഗ സംഘങ്ങള്‍ക്ക് നോട്ടീസ് മാത്രം നല്‍കി ലയിപ്പിച്ചെടുക്കാനും ആസ്തി ബാധ്യതകള്‍ കൈമാറാനും സഹകരണ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതി 2021 ല്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവരുന്നു. അധികാരമുണ്ടെങ്കില്‍ എത്ര വിചിത്രമായ നിയമവും കൊണ്ടുവരുമെന്ന പരസ്യമായ വെല്ലുവിളി തന്നെയാണ് സഹകരണ നിയമത്തിലെ 74 എച്ച് എന്ന പുതിയ ഭേദഗതി. ജനറല്‍ ബോഡിയും അത് ചുമതലപ്പെടുത്തിയ ഭരണസമിതിയുമുള്ള സ്വയംഭരണ സ്ഥാപനത്തെ ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരു സ്ഥാപനത്തില്‍ ലയപ്പിച്ചിരിക്കുന്നു. ആ വിചിത്ര നടപടിക്കാണ് 2023 ജനുവരി 12 ന് കേരളം സാക്ഷ്യംവഹിച്ചത്. 2017 ഏപ്രിലില്‍ സര്‍ക്കാര്‍ കുടിയിരുത്തിയ ഉദ്യോഗസ്ഥന്റെ അധികാര വാഴ്ചക്ക് അന്ത്യം കുറിക്കാനും ജനാധിപത്യത്തിന്റെ പുന:സ്ഥാപനത്തിനും മൂന്ന് വര്‍ഷത്തോളം ഹൈക്കോടതിയില്‍ യു.ഡി.എഫ് നിയമ പോരാട്ടം നടത്തി. 2020 സെപ്തംപറില്‍ ഹൈക്കോടതി ഉത്തരവിലൂടെ ജനറല്‍ബോഡി വീണ്ടും അധികാരത്തില്‍ വരികയും ഒക്ടോബറില്‍ ഭരണസമിതി ചുമതലയേല്‍ക്കുകയും ചെയ്തു. ഒറ്റക്ക് നിലനില്‍പില്ല, കേന്ദ്ര സഹായങ്ങളൊന്നും കിട്ടില്ലെന്ന സര്‍ക്കാര്‍ വെല്ലുവിളികളെ നേരിട്ട് യു.എ ലത്തീഫ് പ്രസിഡന്റും പി.ടി അജയ മോഹന്‍ വൈസ് പ്രസിഡന്റുമായ ഭരണസമിതിയുടെ നേതൃത്വത്തില്‍ എം.ഡി.സി ബാങ്ക് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 16 കോടി അറ്റ ലാഭമുണ്ടാക്കി രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെ. ബാങ്കിന്റെ സി.ഡി നിരക്ക് 78 ന് (ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക്) മുകളില്‍. നബാര്‍ഡിന്റെ 100 കോടിയുടെ വായ്പാസഹായം രണ്ട് തവണ നേടിയെടുക്കാനും പൊതുജനങ്ങള്‍ക്ക് ഇതനുസരിച്ചുള്ള വായ്പയടക്കം നല്‍കാനും മലപ്പുറം ജില്ലാ ബാങ്കിനായി. 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 4606.99 കോടി നിക്ഷേപവും 3514.20 കോടി രൂപ വായ്പാ നീക്കിയിരിപ്പുമുണ്ട് ബാങ്കിന്. ഇതിനിടക്കാണ് 637 കോടി നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയിപ്പിക്കാന്‍ പോകുന്നെന്നു കാണിച്ച് 2022 ഡിസംബര്‍ 23 ന് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നത്. 2022 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 77 കോടിയോളം പ്രവര്‍ത്തന ലാഭമുണ്ടെന്ന് സംസ്ഥാന സഹകരണ ബാങ്ക് അവകാശപ്പെടുമ്പോഴും ആറ് ശതകോടിയെന്ന ഭീമമായ നഷ്ടം നികത്തിയെടുക്കണമെങ്കില്‍ ഇനിയും പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും. സംസ്ഥാന സഹകരണ ബാങ്കിന്റെ സി.ഡി നിരക്ക് 58 ശതമാനത്തോളവുമാണ്. ഒരു ബാങ്ക് സുസ്ഥിരമായ പ്രവര്‍ത്തന ശേഷിയുണ്ടെന്ന് പറയണമെങ്കില്‍ സി.ഡി നിരക്ക് 70 ശതമാനത്തിന് മുകളിലായിരിക്കണം. നിലവിലെ ഈ അവസ്ഥയില്‍ ഒരു കാരണവശാലും ലയനം അംഗീകരിക്കാനാവില്ലെന്ന് രണ്ട് തവണ പ്രമേയം തള്ളിയ സഹകരണ സംഘങ്ങള്‍ വീണ്ടും തീരുമാനമെടുത്തു. 1949 ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 44(എ), 56 എന്നിവ പ്രകാരം ബാങ്കുകളുടെ ലയനം നടപ്പാക്കാന്‍ ബാങ്കുകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പ്രമേയം പാസ്സാക്കണമെന്നാണ്.