X

നാശം വിതച്ച് ഹവായ് കാട്ടുതീ; മരണസംഖ്യ 80 കടന്നു

അമേരിക്കയിലെ ഹവായ് ദ്വീപില്‍ തുടരുന്ന കാട്ടുതീയില്‍ മരണം 80 കടന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. മൌവിയിലെ ചരിത്രപ്രസിദ്ധമായ ലഹൈന നഗരം പൂര്‍ണ്ണമായി കത്തി നശിച്ചു. 15000 ഓളം പേരെ പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചു. നിരവധി പേരെ കാണാതായി. എത്രപേര്‍ അപ്രത്യക്ഷമായെന്ന് കൃത്യമായ കണക്കുകളില്ലെന്നും 1000 ഓളം പേരെ കാണാതായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നിരവധി വീടുകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. വീടുകള്‍ക്ക് പുറമേ വാഹനങ്ങളും കത്തി നശിച്ചവയില്‍ ഉള്‍പ്പെടും.

ചൊവ്വാഴ്ച രാത്രിയോടെയാണ് കാട്ടുതീ പടര്‍ന്നത്. ഈ പ്രദേശങ്ങളില്‍ ആഞ്ഞടിക്കുന്ന ഡോറ കൊടുങ്കാറ്റ് അപകടത്തിന്റെ വ്യാപ്തി കൂട്ടി. കൊടുങ്കാറ്റില്‍ കാട്ടുതീ തെക്കന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ലഹൈനയില്‍ തീ പടര്‍ന്നിട്ടും അപായ സൈറണ്‍ മുഴക്കാതിരുന്നത് വിവാദമായി. സൈറണ്‍ മുഴക്കുന്നതിന് പകരം അധികൃതര്‍ ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. അതിനാല്‍ തന്നെ ഭൂരിഭാഗം ആളുകളും അറിഞ്ഞില്ലെന്നാണ് ആക്ഷേപം. കാട്ടുതീ പടരുന്നുവെന്ന വിവരം ജനങ്ങളിലേക്കെത്താതിരുന്നത് അപകടത്തിന്റെ തോത് കൂട്ടി.

കാട്ടുതീയില്‍ തകര്‍ന്ന വീടുകളില്‍ പരിശോധന നടത്താന്‍ കൂടുതല്‍ ഫെഡറല്‍ എമര്‍ജന്‍സി ജീവനക്കാരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധങ്ങള്‍ നിലച്ചിരിക്കുകയാണ്. ലഹൈനയില്‍ കാട്ടുതീ പടരാന്‍ സാധ്യത കൂടുതലാണെന്ന് 2020 ല്‍ തന്നെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോംബിട്ട് തകര്‍ത്ത നഗരം പോലെയായി ലഹൈനയെന്നാണ് അപകടത്തോട് മൌവി ഗവര്‍ണര്‍ പ്രതികരിച്ചത്. ഇതിനിടെ പ്രസിഡന്റ് ജോ ബൈഡന്‍ ഹവായ് കാട്ടുതീ വന്‍ ദുരന്തമായി പ്രഖ്യാപിച്ചു.

webdesk13: