ന്യൂഡല്‍ഹി: അമേത്തിയിലെ ആയുധ ഫാക്ടറിയെ കുറിച്ച് വ്യാജ പ്രചരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേത്തിയിലെ സൈനിക തോക്ക് ഫാക്ടറിക്ക് 2010 ല്‍ താന്‍ തറക്കല്ലിട്ടതാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചെറു ആയുധങ്ങളുടെ ഉല്‍പാദനം അവിടെ നടക്കുന്നുണ്ട്. ഞായറാഴ്ച അവിടെയെത്തിയ മോദി നുണ പറയുക എന്ന തന്റെ സ്വഭാവം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹത്തിന് നാണമില്ലേയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
ഞായറാഴ്ചയാണ് രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. റഷ്യ, ഇന്ത്യ സംയുക്ത സംരംഭമായി എ.കെ 203 റൈഫിളുകളുടെ നിര്‍മാണ യൂണിറ്റിനാണ് മോദി കല്ലിട്ടത്. ജയിച്ച രാഹുല്‍ ഗാന്ധിയേക്കാള്‍ അമേത്തിക്കായി പ്രവര്‍ത്തിച്ചത് തോറ്റ സ്മൃതി ഇറാനിയാണെന്നും മോദി അവകാശപ്പെട്ടു. അമേത്തിയില്‍ നിന്ന് ലോകസഭയിലേക്കെത്തിയ ആളെക്കാള്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം സ്മൃതി ഇറാനി കാഴ്ചവച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ.