കൊച്ചി: മതമൈത്രിക്ക് പേരെടുത്ത തൃക്കാക്കരയില്‍ വിദ്വേഷത്തിന്റെ വിത്ത് പാകാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കുള്ള തിരിച്ചടിയാകും ഉപതിരഞ്ഞെടുപ്പെന്ന് പൊതുവെ വിലയിരുത്തല്‍. ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനും തോളോട് തോള്‍ ചേര്‍ന്ന് വസിക്കുന്ന തൃക്കാക്കരയില്‍ കാലുഷ്യത്തിന്റെയും മതതീവ്രവാദത്തിന്റെയും വിത്ത് പാകാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വമായ നീക്കമായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയായി തൃക്കാക്കരയില്‍ കണ്ടത്.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ ഈ മണ്ഡലത്തില്‍ വേരുറപ്പിക്കാനാകുമോ എന്നാണ് സിപിഎമ്മിന്റെ ശ്രമം. അതിനായി മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും എംഎല്‍എമാരും മണ്ഡലത്തില്‍ തങ്ങി. സര്‍ക്കാറിനെ സംബന്ധിച്ച് നിര്‍ണായകമല്ലാതിരുന്നിട്ടും ഇത്രമാത്രം ഭരണ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് വാഗ്ദാനങ്ങളുടേയും പണമൊഴുക്കിന്റെയും ആവശ്യമുണ്ടോ എന്നാണ് നിഷ്പക്ഷരായ ആളുകള്‍ ചോദിക്കുന്നത്. സര്‍ക്കാരിന് ദുരുദ്ദേശ്യമാണെന്നും ജനം സംശയിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കോടികളുടെ കമ്മീഷന്‍ ഡീല്‍ നടത്തിയിട്ടുള്ള കെ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള ജനങ്ങളുടെ ലൈസന്‍സായി ഇതിനെ വ്യാഖ്യാനിക്കാമെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും കരുതുന്നു.
അതേസമയം മതമൈത്രി തകര്‍ക്കാന്‍ നടത്തിയ കുല്‍സിത ശ്രമത്തിന് കോടതി നിര്‍ദേശപ്രകാരം അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ പി.സി ജോര്‍ജിലൂടെ വിഷം വീണ്ടും വീണ്ടും ചീറ്റിച്ച് ജനമസുകളെ മലീമസമാക്കി ജനവിധി തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ബിജെപി ശ്രമം. പി സി ജോര്‍ജിനെ പിന്തുണക്കുക വഴി ബിജെപി നേതാക്കളും ഇതേ തെറ്റിന് കൂട്ടുനില്‍ക്കുയാണ്. സ്വാഭാവികമായും ഇവര്‍ക്കെതിരെയും ഇതേ കുറ്റത്തിന് കേസെടുക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നതാണ് കൗതുകകരം.
അതേസമയം വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ തികഞ്ഞ പക്വതയോടെ ജനങ്ങളെയും മാധ്യമങ്ങളെയും അഭിമുഖീകരിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നതിലൂടെ ഒരു മണ്ഡലത്തിലെ ജനപ്രതിനിധി എങ്ങനെ ആയിരിക്കണമെന്ന് വരച്ചുകാട്ടുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാതോമസ്. വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ കോണ്‍ഗ്രസിനായി പടപൊരുതിയ പോരാളി എന്ന നിലയിലാണ് മണ്ഡലത്തിലെ ജനങ്ങള്‍ ഉമാതോമസിനെ കാണുന്നത്. തോല്‍വി ഭയന്ന് അവസാന ലാപ്പില്‍ വ്യാജ വീഡിയോ വിവാദം സൃഷ്ടിച്ച് ജനവികാരം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമവും ഇടതുമുന്നണി നടത്തി.
വീഡിയോ അപ്‌ലോഡ് ചെയ്ത ആളെ പിടികൂടാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. അങ്ങനെ ചെയ്താല്‍ വാദി പ്രതിയാകുമെന്ന പേടിയും പൊലീസിനുണ്ട്. തൃക്കാക്കരയില്‍ സാമുദായിക വിഭജനം സൃഷ്ടിക്കാനുള്ള ചിലരുടെ കുതന്ത്രങ്ങള്‍ക്ക് രാഷ്ട്രീയ ബോധ്യമുള്ള വോട്ടര്‍മാര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.