ലകനൗ: ഉത്തര്‍പ്രദേശില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഹാത്രസിലേക്ക് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി ജില്ലാ ഭരണകൂടം. യോഗി ഭരണകൂടം ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടിയുടെ വീട്ടിലും മറ്റുമായി അന്വേഷണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് വിലക്ക് നീക്കിയത്.
അതേസമയം, ഹാത്രസില്‍ മാധ്യമങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത് വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തെ പോലുംകാണിക്കാതെ അര്‍ദ്ധരാത്രിയില്‍ കത്തിച്ചുകളഞ്ഞതിന് പിന്നാലെയാണ് പ്രദേശത്ത് അപ്രഖ്യാപിത വിലക്ക് വന്നത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ കടുത്ത നിലപാടിലേക്കാണ് യോഗി ഭരണകൂടം ഹാത്രസില്‍ വരുത്തിയത്.
ഹാത്രസിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞായിരുന്നു പൊലീസ് നടപടി. മാധ്യമങ്ങള്‍ക്കു പുറമേ പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും സംഘടനകള്‍ക്കും ഗ്രാമത്തിലേക്കു കടക്കുന്നതിനും പൊലീസ് തടഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ റോഡില്‍ ബലം പ്രയോഗിച്ച് തള്ളിയിട്ടത് വലിയ വിവാദത്തിനും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കുണ്ടെന്ന വാദവുമായി ഭരണകൂടം രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ ജില്ലാ ഭരണകൂടം തടവിലാക്കും മൊബൈല്‍ ഫോണ്‍ പിടിച്ചുവക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പരിശോധകള്‍ നടന്നതിന് പിന്നാലെയാണ് ഇനി മാധ്യമങ്ങള്‍ക്കു പ്രവേശിക്കാമെന്ന പ്രഖ്യാപനം ജില്ലാ ജോയിന്റ് കലക്ടര്‍ പ്രേംപ്രകാശ് മീണ വ്യക്തമാക്കിയത്. ഇപ്പോള്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് മാത്രമാണ് പിന്‍വലിക്കുന്നത് മറ്റുള്ളവര്‍ക്ക് അനുമതി നല്‍കുമ്പോള്‍ അക്കാര്യം അറിയിക്കുമെന്നും മീണ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരെ ജില്ലാ ഭരണകൂടം തടവിലാക്കിയിരിക്കുകയാണെന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചിരിക്കുകയാണെന്നുമുള്ള ആരോപണം മീണ തള്ളി.
അതേസമയം, ഇന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടതും വിവാദമായിരുന്നു.