ലക്‌നൗ: ഹാത്രാസില്‍ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത് പെറ്റമ്മയെ പോലും ഒരുനോക്ക് കാണിക്കാതെ. കൃഷിസ്ഥലത്ത് തിരക്കിട്ടൊരുക്കിയ ചിതയില്‍ പൊലീസ് നേരിട്ട് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. കുടുംബത്തിലെ ആരെയും അടുപ്പിക്കാതെ പൊലീസും ജില്ലാ മജിസ്‌ട്രേറ്റും ചേര്‍ന്നാണ് മൃതദേഹം കത്തിച്ചുകളഞ്ഞത്.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് എന്‍ഡിടിവി ക്യാമറാമാനും റിപ്പോര്‍ട്ടറും ഹാത്രാസിലെത്തിയത്. പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ കമ്മീഷണര്‍ അടക്കമുള്ളവരുടെ വാഹനങ്ങളുണ്ടായിരുന്നു. അവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നുണ്ടായിരുന്നു. ചില ആളുകള്‍ വിറകുമായി പോവുന്നത് കണ്ടു. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞു. കാല്‍നടയായാണ് മാധ്യമപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.
പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ കയറ്റണമെന്ന് ബന്ധുക്കള്‍ കരഞ്ഞു പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം പുറത്തെടുക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും, ഒന്നുമുണ്ടായില്ല. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവടക്കമുള്ളവരെ വീട്ടിനകത്തേക്ക് മാറ്റി. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ഉടനെ മൃതദേഹം ദഹിപ്പിക്കുന്നതിന് കുടുംബാംഗങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് രാവിലെ വരെ സമയം നല്‍കണമെന്നതായിരുന്നു പിതാവിന്റെ ആവശ്യം.
ഇതിനിടെ ആംബുലന്‍സ് പെട്ടെന്ന് സ്റ്റാര്‍ട്ട് ചെയ്ത് കൃഷി സ്ഥലത്തേക്ക് ഓടിച്ചു പോയി. പിറകെ ഓടിയെത്തിയവര്‍ കണ്ടത് അവിടെ മൃതദേഹം ദഹിപ്പിക്കാനായി വെളിച്ചവും മറ്റും ഒരുക്കി വെച്ചതാണ്. ചുറ്റും പൊലീസ് വലയം തീര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാരും അവിടെ ഉണ്ടായിരുന്നില്ല. ആ മൃതദേഹം പൊലീസ് കത്തിച്ചു കളയുകയായിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് വീട്ടില്‍ ബന്ദികളാക്കി വെച്ചിരിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചെന്ന് പറഞ്ഞപ്പോഴാണ് തങ്ങളുടെ മകളുടെ മൃതദേഹം ദഹിപ്പിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത്.