ലഖ്‌നൗ: കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭരണകൂട തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണപരിശോധന നീക്കവും. നേരത്തെ പെണ്‍കുട്ടി പീഡനത്തിനരായയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇത് തെളിക്കുക എന്ന വിധേനയാണ് ഭരണകൂടം നുണ പരിശോധനയും നടത്തുന്നത് എന്നതാണ് വിവാദത്തിലാവുന്നത്.
പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള ഉത്തരവിറക്കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പുറമെ പ്രതികള്‍ക്കും സാക്ഷികള്‍ക്കും പൊലീസുകാര്‍ക്കും നുണപരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമം, പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രതിപക്ഷത്തിന് പുറമെ മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാന്‍ അനുവദിക്കാത്ത രീതിയില്‍ യുപി പൊലീസിന്റെ വലയത്തിലാണ്. ഇത് വിവാദമായതിന് പിന്നാലെയാണ് സംഭവത്തില്‍ മുഖം രക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ അടുത്ത നടപടി. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായട്ടില്ലെന്ന പൊലീസ് വാദം പെണ്‍കുട്ടിയുടെ തന്നെ വീഡിയോ പുറത്തായതോടെ പൊളിഞ്ഞിരുന്നു. എന്നാല്‍ പൊലീസ് നേരത്തെ തന്നെ മൃതശരീരം പൂര്‍ണ്ണമായി കത്തിച്ചതോടെ പുതിയ പരിശോധനകള്‍ക്ക് സാധ്യതകളില്ലാത്ത നിലയാണ്.