X

ക്രൂരത വിവരിച്ച് കുടുംബം; നീതിക്കായി പോരാട്ടം തുടരുമെന്ന് രാഹുലും പ്രിയങ്കയും

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. യുപി സര്‍ക്കാരും പൊലീസും ആ സ്ത്രീയോടും കുടുംബത്തോടും ചെയ്തത് സ്വീകാര്യമല്ല. ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഒരു ശക്തിക്കും ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി.

പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങള്‍ നേരിട്ട ക്രൂരത കോണ്‍ഗ്രസ് നേതാക്കളോട് വിവരിച്ചു.

പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.

യുപി സര്‍ക്കാര്‍ ധാര്‍മികമായി അഴിമതി നിറഞ്ഞതാണ്. ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല, അവളുടെ പരാതി കൃത്യസമയത്ത് റജിസ്റ്റര്‍ ചെയ്തില്ല, മൃതദേഹം ബലമായി സംസ്‌കരിച്ചു, കുടുംബം ബന്ധനത്തിലാണ്, അവരെ അടിച്ചമര്‍ത്തുകയാണ് പ്രിയങ്ക ട്വീറ്റ് ചെയ്തു.

സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുകുള്‍ വാസ്‌നിക് എന്നിവര്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും എത്തിയത്. മുപ്പതോളം കോണ്‍ഗ്രസ് എംപിമാരും നിരവധി പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം അനുഗമിച്ചിരുന്നു.

 

web desk 1: