ന്യൂഡല്‍ഹി: ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരുടെ മോശം പെരുമാറ്റത്തില്‍ പ്രിയങ്കാ ഗാന്ധിക്ക് പിന്തുണയറിയിച്ച് ബിജെപി വനിതാ നേതാവ് ചിത്ര കിശോര്‍ വാഗ്. പൊലീസുകാര്‍ക്കെതിരെ യോഗി സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് വാഗ് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സംസ്ഥാന ബിജെപി ഉപാധ്യക്ഷയാണ് ഇവര്‍.
ഹാത്രസ് സംഭവത്തില്‍ പാര്‍ട്ടി പ്രതിരോധത്തില്‍ നില്‍ക്കുന്ന വേളയില്‍ സ്വന്തം നേതാവ് തന്നെ പ്രിയങ്കയ്ക്ക് പിന്തുണയുമായി എത്തിയത് ബിജെപിയില്‍ മുറുമുറുപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
എന്തു ധൈര്യത്തിലാണ് ഒരു പുരുഷ പൊലീസ് ഓഫിസര്‍ ഒരു വനിതാ നേതാവിന്റെ വസ്ത്രത്തില്‍ കയറി പിടിച്ചത്? പൊലീസ് അവരുടെ പരിധി കടക്കാന്‍ പാടില്ലായിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന ഒരു മുഖ്യമന്ത്രി പൊലീസുകാരനെതിരെ കടുത്ത നടപടിയെടുക്കണം- ട്വീറ്റ് ചെയ്തു. പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തില്‍ പൊലീസുകാരന്‍ കുത്തിപ്പിടിക്കുന്ന ചിത്രം സഹിതമാണ് ചിത്രയുടെ ട്വീറ്റ്.
ശനിയാഴ്ച രാഹുല്‍ഗാന്ധിക്കൊപ്പം ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രിയങ്കയുടെ വസ്ത്രത്തില്‍ പൊലീസുകാരന്‍ കുത്തിപ്പിടിച്ചത്. ലാത്തിച്ചാര്‍ജില്‍ നിന്നും പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രിയങ്കയോട് പൊലീസുകാരന്‍ അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ നോയ്ഡ പൊലീസ് മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക രോഷമാണ് ഉയര്‍ന്നിരുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ചിത് വാഗ് എന്‍സിപിയില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. പാര്‍ട്ടി മാറിയെങ്കിലും ചിത്ര സംസ്‌കാരം മറന്നിട്ടില്ലെന്ന് അവരെ അഭിനന്ദിച്ച് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ട്വീറ്റ് ചെയ്തു. ചിത്രയുടെ പോസ്റ്റ് നിമിഷ നേരം കൊണ്ട് ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്.