X
    Categories: indiaNews

ഹാഥ്‌രാസിലെ പെണ്‍കുട്ടി മരിച്ചതല്ല; യുപി സര്‍ക്കാര്‍ കൊന്നതാണ്- ആദിത്യനാഥിനെതിരെ സോണിയാ ഗാന്ധി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌രാസില്‍ ദളിത് പെണ്‍കൂട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കരുണയില്ലാത്ത ബിജെപി ഗവണ്‍മെന്റാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സോണിയ കുറ്റപ്പെടുത്തി. പെണ്‍കുട്ടിയുടെ കുടുംബം നീതിക്കായി കേണിട്ടും എന്തുകൊണ്ടാണ് യുപി സര്‍ക്കാര്‍ കേള്‍ക്കാതിരുന്നത് എന്ന് സോണിയ ചോദിച്ചു.

ക്രൂരമായ ബലാത്സംഗം നടന്നിട്ടും അത് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് ആദ്യം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സമയത്ത് ചികിത്സ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇന്ന് ആ പെണ്‍കുട്ടി നമ്മോടൊപ്പമില്ല. ഹാഥരാസിലെ ‘നിര്‍ഭയ’ മരിച്ചതല്ല കാരുണ്യമില്ലാത്ത യുപി സര്‍ക്കാര്‍ കൊലപ്പെടുത്തിയതാണെന്നും സോണിയ കുറ്റപ്പെടുത്തി.

അതിനിടെ ഹാഥ്‌രാസിലെ പെണ്‍കുട്ടിയുടെ കൊപാതകം ഉയര്‍ത്തിവിട്ട രോഷം ബലം പ്രയോഗിച്ച് ഇല്ലാതാക്കാനുള്ള നീക്കത്തിലാണ് യുപി സര്‍ക്കാര്‍. പെണ്‍കുട്ടിയുടെ വീട് നില്‍ക്കുന്ന പ്രദേശം മൊത്തം വളഞ്ഞ പൊലീസ് മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് കുടുംബത്തെ വിലക്കിയിരിക്കുകയാണ്. കുടുംബം ക്വാറന്റീനിലായതിനാലാണ് മാധ്യമങ്ങളെ തടഞ്ഞതെന്നാണ് യുപി പൊലീസിന്റെ വിശദീകരണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: