X

ഹാത്രസ് സംഭവം; മൃതദേഹം കാണാന്‍ പോലും സമ്മതിച്ചില്ല, ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും തന്നില്ലെന്ന് കുടുംബം

 

ഹാത്രസ്: പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം തങ്ങളെ ഒന്നു കാണിക്കുക പോലും ചെയ്തില്ലെന്ന് സഹോദരന്‍. ആരുടെ മൃതദേഹമാണ് ദഹിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നും തന്റെ സഹോദരിയുടെ മൃതദേഹമാണെങ്കില്‍ അത് തങ്ങളെ കാണാന്‍ പോലും അനുവദിക്കാതെ കത്തിച്ചു കളഞ്ഞതെന്തിനാണെന്നും സഹോദരന്‍ ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാത്രസ് സംഭവം പുറത്തറിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് കുടുംബാംഗങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞത്. ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ മാധ്യമങ്ങള്‍ക്ക് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. ഇതുപ്രകാരം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടിയുടെ സഹോദരന്‍. സഹോദരിയുടെ മൃതദേഹം ഒരു നോക്കെങ്കിലും കാണാന്‍ അനുവദിക്കണമെന്ന് പൊലീസിനോടും അധികാരികളോടും കെഞ്ചിയെങ്കിലും അനുമതി തന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും നിങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞു-സഹോദരന്‍ വ്യക്തമാക്കി.

ഇപ്പോള്‍ സദാസമയവും പൊലീസ് നിരീക്ഷകണത്തിലാണെന്നും രണ്ടു ദിവസമായി പുറത്തിറങ്ങാന്‍ പോലും സമ്മതിക്കുന്നില്ലെന്നും സഹോദരന്‍ പറയുന്നു. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഫോണിലൂടെ മാത്രമാണ് പുറംലോകവുമായുള്ള ബന്ധം നിലനില്‍ക്കുന്നത്.

കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയോ കുടുംബാംഗങ്ങളോട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗ്രാമീണരോട് അന്വേഷണം നടത്തി പോവുകയായിരുന്നു അവരെന്നും കുടുംബം പറഞ്ഞു.

web desk 1: