X

ഹാത്രസ് കേസ് സിബിഐക്ക് കൈമാറി; കോടതി മേല്‍നോട്ടം വഹിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട കേസ് സിബിഐക്ക് കൈമാറി. ഹാത്രസ് പീഡനത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

19 കാരിയായ ദലിത് പെണ്‍കുട്ടിയുടെ കൂട്ടമാനഭംഗക്കേസില്‍ കേന്ദ്ര ബ്യൂറോ ശനിയാഴ്ചയാണ് അന്വേഷണം ഏറ്റെടുത്തത്. ഉത്തര്‍പ്രദേശിലെ ഹാത്രാസിലെ ബൂള്‍ഗരി ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനൊടുവില്‍ സെപ്റ്റംബര്‍ 29 ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ഹാത്രസ് പീഡനത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നുും കൊല്ലപ്പെട്ട പെണ്ഡകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. നീതിപൂര്‍വമായ അന്വേഷണം അട്ടിമറിക്കാന്‍ യുപി സര്‍ക്കാര്‍ ശ്രമമെന്നതായും വീട്ടുകാരും കുറ്റപ്പെടുത്തിയിരുന്നു.

ഈ മാസം പതിനാലിനാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്‌ക്കൊപ്പം പുല്ല് മുറിക്കാന്‍ വയലില്‍ പോയപ്പോള്‍ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. അലിഗഢ് ജെഎന്‍ മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ പിന്നീട് ഡല്‍ഹിയിലെ സഫ്ദര്‍ജംഗിലേക്കു മാറ്റി. അവിടെ വച്ചാണ് യുവതി മരിച്ചത്.

സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്. സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധ രാത്രിയില്‍ പൊലീസ് തിടുക്കപ്പെട്ട് കത്തിച്ചതടക്കമുള്ള വിഷയങ്ങള്‍ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കേസ് സിബിഐക്ക് വിടുന്നതായി പ്രഖ്യാപിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.

 

chandrika: