X
    Categories: indiaNews

‘ഹത്രാസിലെ പെണ്‍കുട്ടിയുടെ മരണത്തിനുത്തരവാദി ദയയില്ലാത്ത സര്‍ക്കാര്‍’; സോണിയ ഗാന്ധി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19കാരി ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ‘ദയയില്ലാത്ത ഒരു സര്‍ക്കാരും അതിലെ അധികാരികളും അവരുടെ അജ്ഞതയും’ ചേര്‍ന്നാണ് ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സോണിയ ഗാന്ധി പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് സോണിയയുടെ പ്രതികരണം.

‘ഒരു പാവപ്പെട്ട കുടുംബത്തിലെ മകളാകുന്നത് കുറ്റകൃത്യം ആണോ എന്നാണ് സോണിയ വീഡിയോയില്‍ ചോദിക്കുന്നത്. ‘ഹത്രാസിലെ നിര്‍ഭയ മരിച്ചതല്ല എന്നാണ് എനിക്ക് പറയാനുള്ളത്. അടിച്ചമര്‍ത്തുന്ന ഒരു സര്‍ക്കാരും അവരുടെ ഭരണനേതൃത്വവും അവരുടെ സ്ഥിരതയില്ലായ്മയും ചേര്‍ന്ന് ആ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണ്’-സോണിയ പറഞ്ഞു.

ജീവിച്ചിരുന്നപ്പോള്‍ ആ പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ല. മരണത്തിന് ശേഷവും മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കാത്തത് അങ്ങേയറ്റം തെറ്റാണെന്നും സോണിയ വികാരനിര്‍ഭരമായി പ്രതികരിച്ചു. കരഞ്ഞു തളര്‍ന്ന ആ കുട്ടിയുടെ അമ്മയില്‍ നിന്നും മകള്‍ക്ക് അന്തിമ യാത്ര നല്‍കാനുള്ള അവസരം പോലും തട്ടിയെടുക്കപ്പെട്ടു എന്നാണ് ആരോപിക്കുന്നത്.

‘നിര്‍ബന്ധപൂര്‍വ്വമാണ് ആ പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മരണത്തിന് ശേഷവും ഒരു വ്യക്തിക്ക് അന്തസുണ്ട്. ഹൈന്ദവവിശ്വാസങ്ങളിലും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഈ കുഞ്ഞിനെ ഒരു അനാഥയെപ്പോലെ പൊലീസുകാര്‍ ദഹിപ്പിക്കുകയാണുണ്ടായത്. ഏത് തരത്തിലുള്ള നീതിയാണിത്? എന്തുതരം സര്‍ക്കാരാണിത്? നിങ്ങള്‍ എന്ത് ചെയ്താലും രാജ്യത്തെ ആളുകള്‍ വെറുതെ നോക്കിയിരിക്കും എന്നാണോ കരുതുന്നത്? ഒരിക്കലുമില്ല. നിങ്ങളുടെ അനീതിക്കെതിരെ രാജ്യം ശബ്ദം ഉയര്‍ത്തും. സോണിയ വ്യക്തമാക്കി.നീതി ആവശ്യപ്പെട്ടു കൊണ്ടുള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പോരാട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കായി താനും അണിചേരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

chandrika: