ലഖ്‌നൗ: ഹാത്രസില്‍ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉയര്‍ന്ന പ്രതിഷധങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ്. ജാതി കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നും വെബ്‌സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും ഇത് രാജ്യാന്തര ഗൂഢാലോചനയാണെന്നുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
‘ജസ്റ്റിസ് ഫോര്‍ ഹാഥ്‌രസ് വിക്ടിം’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്‌സൈറ്റിന്റെ കാര്യമാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിരോധമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണം എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. അമേരിക്കയിലെ ‘ബ്ലാക്ക് ലിവ് മാറ്റര്‍’ പ്രക്ഷോഭകാരികള്‍ ഉപയോഗിച്ചിരുന്ന വെബ്‌സൈറ്റാണ് ഇതെന്നും പൊലീസ് പറയുന്നു.
ഹാത്രസിലേക്ക് പോകാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കയ്യേറ്റം ചെയ്തത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ക്ക് എതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.