ന്യൂഡല്‍ഹി: ഹാത്രസ് ബലാല്‍സംഗക്കൊല ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. ഹാത്രസ് പീഡനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഹാത്രസ് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകയായ സത്യഭാമ ദുബെയും പൊതുതാല്‍പര്യഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
വാദം തുടങ്ങിയപ്പോള്‍ തന്നെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിടണമെന്ന് യുപി സര്‍ക്കാറിന് വേണ്ടി ഹാജറായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണത്തിന് അത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നിലവിലെ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാണെന്നും കുടുംബത്തിന് സുരക്ഷ നല്‍കണമെന്നും മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. എസ്‌സി/എസ്ടി ആക്ട് പ്രകാരം നടപടിയെടുക്കണമെന്നും ഉന്നാവേ കേസില്‍ ചെയ്തത് പോലെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. എന്നാല്‍ കുടുംബം സുരക്ഷിതരാണെന്നും കുടുംബത്തിന് എല്ലാ സുരക്ഷയും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
അന്വേഷണ ഏജന്‍സിയെ മാറ്റണമെന്നാണോ അല്ലെങ്കില്‍ വിചാരണ മാറ്റണമെന്നാണോ താങ്കള്‍ ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ഇന്ദിര ജയ്‌സിങ്ങിനോട് ചോദിച്ചു. അന്വേഷണത്തിനായി സുപ്രീംകോടതി പ്രത്യേക അന്വേഷണസംഘത്തെ ഏര്‍പ്പെടുത്തണമെന്നും സിബിഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം അറിയിച്ചിട്ടുണ്ടെന്നും ഇന്ദിര ജയ്‌സിങ് കോടതിയെ അറിയിച്ചു.
അലഹബാദ് ഹൈക്കോടതിയില്‍ തന്നെ വിചാരണ തുടരട്ടെ എന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. അലഹബാദ് ഹൈക്കോടതി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണെന്നും അവിടെ വിചാരണ നടക്കുന്നതില്‍ സംശയിക്കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട പ്രഗത്ഭരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കാന്‍ കോടതി തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
യുപി സര്‍ക്കാറിനെ മനപ്പൂര്‍വം അവഹേളിക്കാനുള്ള ശ്രമങ്ങളാണ് ഹാത്രസ് പീഡനത്തിന് ശേഷം നടക്കുന്നതെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാതി കലാപത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാലാണ് മൃതദേഹം വേഗത്തില്‍ സംസ്‌കരിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.