ഹത്രാസ്: യുപി ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്.
ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഈ കാര്യം വ്യക്തമായെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് അവകാശപ്പെടുന്നത്. കഴുത്തിന് പരിക്കേറ്റതിനാലാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും പൊലീസ് പറഞ്ഞു. യുപി പൊലീസിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് കുമാറാണ് ഈ കാര്യം അറിയിച്ചത്.
നട്ടെല്ലിന് പരുക്കേറ്റിരുന്നതായും പെണ്‍കുട്ടിയുടെ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ശ്രമം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 14 നാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. സെപ്റ്റംബര്‍ 29 ലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം അട്ടിമറിക്കുന്നതാണ് പൊലീസിന്റെ പുതിയ റിപ്പോര്‍ട്ട്.
അതേസമയം പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനെതിരെ രംഗത്ത്. യു.പി പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും പിതാവ് പറയുന്നതിന്റെ വീഡിയോ പുറത്തുവന്നു.
‘അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് തൃപ്തിയില്ല. കേസ് സിബിഐക്ക് കൈമാറണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ മുഴുവന്‍ കുടുംബവും വീട്ടുതടങ്കലിലാണ്. മാധ്യമ പ്രവര്‍ത്തകരെ പോലും ഞങ്ങളെ കാണാന്‍ അനുവദിക്കുന്നില്ല, അദ്ദേഹം വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.