ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ എപി സിങ് ഹാത്രസ് കേസിലെ പ്രതികള്‍ക്കു വേണ്ടിയും വാദിക്കും. ഹാത്രസ് ദളിത് വിഭാഗത്തില്‍പ്പെട്ട 19കാരി കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് നീക്കം.
അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് എപി സിങിനെ കേസ് ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘടനയുടെ ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജാ മാന്‍വേന്ദ്ര സിങ്ങാണ് ഹാത്രസ് പ്രതികള്‍ക്കു വേണ്ടി ഹാജരാകാന്‍ എപി സിങ്ങിനോട് ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
‘മേല്‍ജാതിക്കാരെ’ അപകീര്‍ത്തിപ്പെടുത്താന്‍ എസ്‌സി എസ്ടി വിഭാഗക്കാരെ ദുരുപയോഗപ്പെടുത്തുകയാണെന്നും ഇത്തരം നീക്കങ്ങള്‍ രജ്പുത് വിഭാഗത്തിന് വേദനയുണ്ടാക്കിയെന്നും സംഘടന അവകാശപ്പെടുന്നു. വക്കീല്‍ ഫീസായി നല്‍കാന്‍ വന്‍ തുക തന്നെ സംഘടന പിരിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.