ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാത്രസിലെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങള്‍ നേരിട്ട ക്രൂരത കോണ്‍ഗ്രസ് നേതാക്കളോട് വിവരിച്ചു.
പെണ്‍കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഒരു ശക്തിക്കും ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.
സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുകുള്‍ വാസ്‌നിക് എന്നിവര്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും എത്തിയത്. മുപ്പതോളം കോണ്‍ഗ്രസ് എംപിമാരും നിരവധി പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം അനുഗമിച്ചിരുന്നു.