വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ശാസിച്ച് സുപ്രീംകോടതി. പരാമര്‍ശം ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പൊതു പ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസും മര്യാദയും പാലിക്കണമെന്നും പദവി അറിഞ്ഞ് സംസാരിക്കണമെന്നും കോടതി വ്യക്തമാക്തി.
കഴിഞ്ഞ ദിവസം ജസ്റ്റിസ് യാദവ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയിത്തിന് മുന്നില്‍ ഹാജരായിരുന്നു. ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ജസ്റ്റിസ് യാദവ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് യാദവിന്റെ പരാമര്‍ശം. രാജ്യത്ത് ഭൂരിപക്ഷത്തിന്റെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്നും ജസ്റ്റിസ് യാദവ് പറഞ്ഞിരുന്നു.
വിവാദ പരാമര്‍ശത്തില്‍ ജസ്റ്റിസ് യാദവിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ടുക്കൊണ്ട് സുപ്രീംകോടതിക്ക് കത്തുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതി വിഷയത്തില്‍ സ്വമേധയാ ഇടപെടുകയായിരുന്നു.