X

വിദ്വേഷ പ്രസംഗം; പി.സി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതില്‍ പി.സി ജോര്‍ജിനെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം. പി.സി ജോര്‍ജിന്റേത് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി പറഞ്ഞു. തന്റെ പക്കല്‍ നിന്നും ഒരു അബദ്ധം പറ്റിയതാണെന്ന് പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞപ്പോഴാണ് കോടതിയുടെ വിമര്‍ശനം.

ടെലിവിഷന്‍ ചര്‍ച്ചയെങ്കില്‍ കുറേക്കൂടി ഗൗരവത്തില്‍ കാണണമെന്നും കോടതി വ്യക്തമാക്കി. മതവിദ്വേഷപരാമര്‍ശം ചാനല്‍ ചര്‍ച്ചയ്ക്കിടെ അറിയാതെ പറഞ്ഞതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.താന്‍ നടത്തിയ പരാമര്‍ശം കാരണം ഒന്നും സംഭവിച്ചില്ലല്ലോയെന്നും പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എല്ലാവരും ചിരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ വെച്ച് പി.സി ജോര്‍ജ് മുസ്ലിം വിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട മുസ്ലിം യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി ആറിന് ‘ജനം ടി.വിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി. ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊലപ്പെടുത്തിയെന്നുമായിരുന്നു വിവാദ പരാമര്‍ശം.

മുസ്ലിങ്ങള്‍ പാകിസ്താനിലേക്കു പോകണമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി. സി. ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.

നാല് തവണ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച കോടതി 6.02.2025 (ബുധനാഴ്ച) കേസ് പരിഗണിച്ചിരുന്നു. പിന്നാലെ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേള്‍ക്കുകയും ചെയ്തിരുന്നു.

webdesk13: