മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിവാദം പൊമ്പിളൈ ഒരുമൈക്കെതിരെ വൈദ്യുതി മന്ത്രി എം.എം മണി നടത്തിയ പരാമര്‍ശത്തോടെ പുതിയ പ്രതിഷേധത്തിനും വിവാദത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. തൊടുന്നതെല്ലാം വിവാദമാക്കുകയും പ്രതിഷേധം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍, അധികാരത്തിലെത്തി ഒരു വര്‍ഷം തികയും മുമ്പു തന്നെ ജനത്തിന് ഭാരമായിക്കഴിഞ്ഞു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എം.എം മണിയുടെ വാക്കുകള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തന്നെ ഭരണ മുന്നണിയിലെ രണ്ട് പ്രബല കക്ഷികള്‍ എല്ലാ കാര്യങ്ങളിലും രണ്ടു വഴിക്കും രണ്ടു നിലപാടിലുമാണ്. മാവോയിസ്റ്റ് വേട്ട, എഴുത്തുകാര്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ ഉള്‍പ്പെടെ യു.എ.പി.എ ചുമത്തി കേസെടുക്കല്‍, തിരുവനന്തപുരം ലോ കോളജിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം, അതിരപ്പിള്ളി വൈദ്യുത പദ്ധതി, പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം, ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടി തുടങ്ങിയ വിഷയങ്ങളിലെല്ലാം സി.പി.എമ്മും സി.പി.ഐയും പരസ്യമായ ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടും ഇത് ആവര്‍ത്തിച്ചു. കുരിശില്‍ പിടിച്ചായിരുന്നു ഇത്തവണ രണ്ടു കക്ഷികളും നേര്‍ക്കുനേര്‍ വാളെടുത്തത്. എന്നാല്‍ മന്ത്രി എം.എം മണി നടത്തിയ പരാമര്‍ശം ആ തരത്തിലുള്ളതോ പതിവു ന്യായീകരണങ്ങള്‍കൊണ്ട് ഒതുക്കാവുന്നതോ അല്ല. മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കും കൂലിക്കും വേണ്ടി തെരുവിലിറങ്ങിയ സ്ത്രീതൊഴിലാളികളുടെ കൂട്ടായ്മയെ അശ്ലീലത്തിന്റെ മുനവെച്ച വാക്കുകള്‍ കൊണ്ട് കുത്തിനോവിച്ചത് സഭ്യതയുടെ എല്ലാ അതിരുകളും ഭേദിച്ചുകൊണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍തന്നെ തുല്യതയില്ലാത്ത സമരാധ്യായം എഴുതിച്ചേര്‍ത്ത സംഭവമായിരുന്നു മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടേത്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയോ സമാനമായ സംഘടനാ സംവിധാനങ്ങളുടേയോ പിന്‍ബലമില്ലാതെ അസംഘടിതരായ വനിതാ തോട്ടം തൊഴിലാളികള്‍ സംഘടിക്കുകയും പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴിപ്പെടാതെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നിലയുറപ്പിക്കുകയും ചെയ്തത് കേരളീയ പൊതുസമൂഹത്തിന് അത്ര പരിചിതമല്ലാത്ത സംഭവമായിരുന്നു. അത്തരമൊരു കൂട്ടായ്മക്കെതിരെയാണ് ഉത്തരവാദപ്പെട്ട പദവിയില്‍ ഇരുന്നുകൊണ്ട് സംസ്ഥാനത്തെ ഒരു മന്ത്രി തരംതാഴ്ന്ന നിലയില്‍ അധിക്ഷേപ പ്രസംഗം നടത്തിയത്.
ഊളമ്പാറക്ക് അയക്കണമെന്ന് പറഞ്ഞ്, മൂന്നാര്‍ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന ദേവികുളം സബ്കളക്ടറെയും ഇതേ പ്രസംഗത്തില്‍ മന്ത്രി എം.എം മണി അധിക്ഷേപിച്ചിരുന്നു. സഭ്യമല്ലാത്ത വാക്കുകള്‍ കൊണ്ടാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മന്ത്രി അവഹേളിച്ചത്. ഇതിനെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലും പ്രതിഷേധമുണ്ട്. വിവാദ പരാമര്‍ശങ്ങള്‍ മന്ത്രി എം.എം മണി നടത്തുന്നത് ഇതാദ്യമല്ല. വണ്‍ ടു ത്രി പ്രസംഗം ഉള്‍പ്പെടെ പലതുമുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വനിതാ മേധാവിക്കെതിരെ മോശം പരാമര്‍ശം നടത്തിയും മുമ്പ് എം.എം മണി പുലിവാല് പിടിച്ചിരുന്നു. സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദപ്പെട്ട പദവിയില്‍ ഇരുന്നുകൊണ്ടായിരുന്നില്ല ആ അധിക്ഷേപങ്ങളൊന്നും. മാത്രമല്ല, പൊമ്പിളൈ ഒരുമൈക്കെതിരായ പരാമര്‍ശം അതില്‍നിന്ന് ഭിന്നമാകുന്നത്, തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ വളര്‍ന്ന മണിയെപ്പോലെ ഒരാളില്‍നിന്ന് ഇത്ര നീചമായ പ്രയോഗങ്ങള്‍ ഉണ്ടാകുന്നു എന്നതുകൊണ്ടു കൂടിയാണ്. പൊമ്പിളൈ ഒരുമൈ നടത്തിയ സമരം മൂന്നാറിലെ വന്‍കിട തോട്ടം മുതലാളിമാരില്‍നിന്ന് നീതി തേടിയായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങളുടെ അടിസ്ഥാനം മൂന്നാറിലെ വന്‍കിട ഭൂമി കൈയേറ്റക്കാരെ കുടിയിറക്കുന്നതുമായി ബന്ധപ്പെട്ടാണ്. രണ്ടിടത്തും ഇരകളുടെ പക്ഷത്ത് നില്‍ക്കേണ്ട എം.എം മണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വേട്ടക്കാരന്റെ പക്ഷം ചേരുന്നത്, തൊഴിലാളിവര്‍ഗ മോചനത്തിനു വേണ്ടിയെന്ന പേരില്‍ ഉയിര്‍കൊണ്ട പ്രസ്ഥാനം മുതലാളിത്ത ശക്തികളുടെ സംരക്ഷണ കവചമായി മാറുന്ന കമ്യൂണിസ്റ്റ് അപചയത്തിന്റെ ബാക്കിപത്രമാണ്. അതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. അതില്‍ അസഹിഷ്ണുത പൂണ്ടിട്ട് കാര്യമില്ല. മകന്റെ മരണത്തില്‍ നീതിതേടിയെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ തലസ്ഥാനത്ത് പൊലീസ് സേന നടത്തിയ നരനായാട്ടിന്റെ ബാക്കി പത്രമായിത്തന്നെ വേണം എം.എം മണിയുടെ വാക്കുകളേയും കാണാന്‍. സി.പി.എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതാക്കളും മുഖ്യമന്ത്രി തന്നെയും എം.എം മണിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. മണിക്ക് മന്ത്രിസ്ഥാനത്ത് തുടരുന്നതിന് യോഗ്യതയില്ല എന്നതിന് സി.പി.എം നേതാക്കളുടെ ഈ പ്രതികരണത്തില്‍ കവിഞ്ഞൊരു സാക്ഷ്യപത്രം ആവശ്യമില്ല.
മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്നതെല്ലാം സി.പി.ഐയും സി.പി.എമ്മും ചേര്‍ന്ന് നടത്തുന്ന നാടകമാണോ എന്ന സംശയവും ഉയരുന്നുണ്ട്. പപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനെ പൊതുസമൂഹം ഒരു നിലയിലും എതിര്‍ക്കില്ല എന്നത് സാമാന്യ യുക്തിയാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടി ഏതെങ്കിലും മതത്തിന്റെ ചിഹ്നമോ ആരാധനാ കേന്ദ്രങ്ങളോ തകര്‍ത്തുകൊണ്ടാകുമ്പോള്‍ എതിര്‍പ്പുയരുക സ്വാഭാവികമാണ്. എതിര്‍പ്പുണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ സാമാന്യ യുക്തിയുടെ മാത്രം പിന്‍ബലം മതി. ഉദ്യോഗസ്ഥര്‍ക്കും ഇത് അറിയാഞ്ഞിട്ടല്ല. എന്നിട്ടും ആദ്യം കുരിശില്‍ കൈവെക്കുന്നത് മൂന്നാര്‍ ഒഴിപ്പിക്കല്‍ അവിടം കൊണ്ട് തീരണമെന്ന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതുകൊണ്ടാണ്. കുരിശിനു വേണ്ടി വാദിക്കുന്ന സി.പി.എമ്മിന്റെ ലക്ഷ്യവും മറ്റൊന്നല്ല. കൈയേറ്റമൊഴിപ്പിക്കാന്‍ ജെ.സി.ബി വേണ്ട, നിശ്ചയദാര്‍ഢ്യം മതിയെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അത് അറിയാമായിരുന്നിട്ടും ജെ.സി.ബിയുമായി മലകയറിയതും കുരിശു പൊളിച്ചതും എന്തിനായിരുന്നുവെന്ന ചോദ്യത്തിന് കൂടി അദ്ദേഹം ഉത്തരം നല്‍കേണ്ടിയിരിക്കുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ച് മൂന്നാറിലെ കൈയേറ്റ ഭൂമികള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തന്ത്രപൂര്‍വ്വം തടയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് വേണം മനസ്സിലാക്കാന്‍. ഉദ്യോഗസ്ഥര്‍ക്കെതിരെയും കൈയേറ്റത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെയും തെറിയഭിഷേകം നടത്തുന്നതും ഇതിന്റെ തുടര്‍ച്ച തന്നെയാണ്. അത് തിരിച്ചറിയാനുള്ള ജനത്തിന്റെ സാമാന്യയുക്തിയെ പരിഹസിക്കാനാണ് മന്ത്രി എം.എം മണിയും അദ്ദേഹം പ്രതിനിധീകരിക്കുന്ന സര്‍ക്കാറും ശ്രമിക്കുന്നത്.