ന്യൂഡല്‍ഹി: രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ വന്‍ വര്‍ധന. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിദ്വേഷ പ്രസംഗങ്ങള്‍ 1130 ശതമാനം വര്‍ധിച്ചതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു. നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും വി.ഐ.പി വിദ്വേഷ പ്രസംഗങ്ങള്‍ 160 ശതമാനം ഉയര്‍ന്നതായും കണക്കുകള്‍ പറയുന്നു. രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ 80 ശതമാനവും ബി.ജെ.പി നേതാക്കളുടേതാണ്.
രണ്ടാം യു.പി. എ സര്‍ക്കാറിന്റെ കാലത്ത് ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ 19 തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശരാശരി മാസത്തില്‍ 0.3 ശതമാനം എന്ന തോതില്‍. എന്നാല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ 348 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശരാശരി മാസത്തില്‍ 3.7 ശതമാനം. അതായത് 1130 ശതമാനം വര്‍ധനവ്. 297 തവണയാണ് ബി.ജെ.പിയുടെ ഉന്നത നേതാക്കന്‍മാര്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തിയത്. 10 തവണ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതാക്കളില്‍ നിന്നുമായിരുന്നു ഇത്തരം പ്രസംഗങ്ങള്‍. തിരഞ്ഞെടുപ്പ് അടുത്തതോടെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഈ പ്രവണത വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബറിനു ശേഷം 34 വിദ്വേഷ പ്രസംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.