X

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അന്തിമ അനുമതിക്ക് ശേഷമാകും നടപടി. ജോര്‍ജിന് നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാകും സാധ്യത. അതേസമയം അറസ്റ്റ് ഒഴിവാക്കാന്‍ ജോര്‍ജ് ഇന്ന് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചേക്കും.

മുസ്‌ലിംകള്‍ മുഴുവന്‍ വര്‍ഗീയവാദികളാണെന്ന പരാമര്‍ശത്തില്‍ ഇന്നലെയാണ് ഈരാറ്റുപേട്ട പൊലീസ് ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്.

മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി. ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം.

മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട്ട് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ജോര്‍ജ് ചര്‍ച്ചയില്‍ ആരോപിച്ചു.

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി വിഡിയോ സഹിതമാണ് ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി പരാതി നല്‍കിയത്. ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ ഒന്നില്‍ പോലും പൊലീസ് ഇതുവരെയും നടപടി സ്വീകരിച്ചിരുന്നില്ല.

എന്നാല്‍, ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

webdesk13: