X

വീണ്ടും വിദ്വേഷ പരാമര്‍ശം; മോദി സര്‍ക്കാരിന് കീഴില്‍ മദ്രസകളല്ല കോളേജുകളാണ് വേണ്ടത്: ഹിമന്ത ബിശ്വ ശര്‍മ

വിദ്വേഷ പരാമര്‍ശം തുടര്‍ക്കഥയാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ മദ്രസകളല്ല വേണ്ടതെന്നും ആധുനിക കോളേജുകളാണെന്നും ഹിമന്ത പറഞ്ഞു. ബീഹാറിലെ മുസാഫര്‍പൂര്‍, സിവാന്‍, ബക്‌സര്‍ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ ബി.ജെ.പി പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.

‘മോദി ജിയുടെ പുതിയ ഇന്ത്യക്ക് മദ്രസകളല്ല വേണ്ടത്. ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുന്ന ആധുനിക സ്‌കൂളുകളും കോളേജുകളുമാണ്. അല്ലാതെ മദ്രസകളില്‍ നിന്നുള്ള മൗലവികളെയല്ല,’ എന്നാണ് ഹിമന്ത പറഞ്ഞത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ പാക് അധിനിവേശ കാശ്മീര്‍ രാജ്യത്തേക്ക് തിരികെയെത്തുമെന്ന് എന്‍.ഡി.എ ഉറപ്പാക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയില്‍ പങ്കെടുത്തില്ല. രാം ലല്ലയെ വീണ്ടും കൂടാരത്തിലേക്ക് അയക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് ഞങ്ങള്‍ സമ്മതിക്കില്ല,’ ഹിമന്ത പറയുകയുണ്ടായി.രാഹുല്‍ ഗാന്ധിയ്ക്ക് ഒരു കാലത്തും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ല. ഒരുപക്ഷെ പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രധാനമന്ത്രിയാകാം. രാഹുലും കോണ്‍ഗ്രസും പ്രീണന രാഷ്ട്രീയത്തിലേക്ക് മാറിയെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

വാരാണസിയിലും മഥുരയിലും വലിയ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്നും 400 സീറ്റുകള്‍ നേടി ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. എന്‍.ഡി.എ അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം ബീഹാറിന്റെ വികസനം തടയാന്‍ ശ്രമിക്കുന്നെന്നുവെന്നും ഹിമന്ത ആരോപിച്ചു. അവസരം കിട്ടുമ്പോഴെല്ലാം കോണ്‍ഗ്രസ് സ്വന്തം താത്പര്യങ്ങള്‍ നിറവേറ്റുന്നതില്‍ മുഴുകുകയാണെന്നും ഹിമന്ത പറഞ്ഞു.

webdesk13: