അറസ്റ്റിലായ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെ വിട്ടയച്ചു. കണ്ണൂര്‍ കണ്ണപുരം പൊലീസാണ് ജാമ്യത്തില്‍ വിട്ടത്. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെ അശ്ലീല പരാമര്‍ശം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും വളാഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
എറണാകുളത്തെ സുഹൃത്തിന്റെ ഫഌറ്റില്‍ നിന്നാണ് നിഹാദിനെ വളാഞ്ചേരി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കാനായി വളാഞ്ചേരി പൊലീസ് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിയപ്പോള്‍ നിഹാദ് വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടുകയായിരുന്നു. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവ് വീഡിയോ പങ്കുവെക്കുകയും ചെയ്തു. വാതില്‍ പൊളിച്ച് പൊലീസ് അകത്തു കടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഒരു മണിക്കൂറോളം വാതിലിന് പുറത്തുനിന്നു. പൊലീസാണ് പുറത്ത് ഉണ്ടെന്നറിഞ്ഞിട്ടും തൊപ്പി വാതില്‍ തുറന്നില്ല. ലാപ്‌ടോപ്പില്‍ ഉള്ള തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള ശ്രമം ആയിട്ടാണ് പൊലീസിതിനെ കണ്ടത്. തുടര്‍ന്നാണ് വാതില്‍ പൊളിച്ചതെന്നാണ് പൊലീസ് വിശദീകരണം. വളാഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോഗ്രാമുണ്ട് ഒരാഴ്ച കഴിഞ്ഞെ ഹാജരാകാനാകൂ എന്നാണ് നിഹാദ് മറുപടി നല്‍കിയത് എന്നും പൊലീസ് പറയുന്നു. ഇതോടെയാണ് എറണാകുളത്ത് പോയി കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്.