സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നതിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടതോടെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം തുടര്‍ക്കഥയായിരിക്കുകയാണ്. സാക്ഷരതയില്‍ മുന്നിലുള്ള കേരളത്തില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലക്കത്തിയെടുക്കുമ്പോള്‍ പ്രതിഷേധത്തിന്റെ പുതിയ വാതില്‍ തുറന്നിരിക്കുകയാണ് ഓണ്‍ലൈന്‍ ലോകത്തെ മലയാളികള്‍. #കത്തിതാഴെഇടെടാ എന്ന ട്വിറ്റര്‍ കാംപെയ്ന്‍ ഇന്ത്യന്‍ ട്വിറ്ററില്‍ തരംഗമായിക്കഴിഞ്ഞു.
മലയാളികള്‍ മാത്രമല്ല, മറ്റു സംസ്ഥാനക്കാരും വിദേശികളുമെല്ലാം ഈ ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. കേരളത്തെ സോമാലിയയോട് ഉപമിച്ച നരേന്ദ്ര മോദിക്കെതിരെ നടത്തിയ ‘പോ മോനേ മോദി’ കാംപെയ്‌നു ശേഷം ഇതാദ്യമായാണ് ഒരു മലയാളി കാംപെയ്ന്‍ ട്വിറ്ററിലെ ടോപ് ട്രെന്‍ഡുകളിലെത്തുന്നത്.
കൊലപാതക രാഷ്ട്രീയത്തോടുള്ള ശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് #കത്തിതാഴെഇടെടാ യിലൂടെ ഓണ്‍ലൈന്‍ സമൂഹം രേഖപ്പെടുത്തുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ മുഴുവന്‍ ഹര്‍ത്താല്‍ നടത്തി ബുദ്ധിമുട്ടിക്കുന്നതിനെതിരായ അമര്‍ഷവും ചിലര്‍ രേഖപ്പെടുത്തുന്നു.
അതേസമയം, ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി കാണുന്നവരും കുറവല്ല.
മലയാളം അറിയാത്ത ഉത്തരേന്ത്യക്കാരും അറബികളും വരെ ഈ കാംപെയ്‌നില്‍ പങ്കെടുക്കുന്നു എന്നതാണ് കൗതുകകരമായ കാര്യം.