X
    Categories: CultureMoreNewsViews

ഹാഷിംപുര കൂട്ടക്കൊലകേസ്: 16 പൊലീസുകാര്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: ഹാഷിംപുര കൂട്ടക്കൊലകേസില്‍ അര്‍ദ്ധ സൈനിക വിഭാഗത്തില്‍പ്പെട്ട 16 പൊലീസുക്കാര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നേരത്തെ വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ക്കെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ക്കെതിരെ സൈന്യം നടത്തിയ ആസൂത്രിത കൊലപാതകമാണ് ഹാഷിംപുരയെന്ന് കോടതി നിരീക്ഷിച്ചു. നീതിക്കായി 31 വര്‍ഷം കാത്തിരിക്കേണ്ട അവസ്ഥയും കോടതി പ്രത്യേകം എടുത്തു പറഞ്ഞു.

1987 മെയില്‍ യു.പിലെ മീററ്റിലുള്ള ഹാഷിംപുരയിലെ 42 മുസ്‌ലിം ചെറുപ്പക്കാരെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറിയിലെ 19 അംഗങ്ങള്‍ നഗരത്തിന് പുറത്തേക്ക് കൊണ്ടുപോയി വെടിവെച്ചുകൊന്നുവെന്നതാണ് കേസ്. ഇവരുടെ മൃതദേഹം അടുത്തുള്ള കനാലില്‍ തള്ളുകയും ചെയ്തു. മീറത്ത് വര്‍ഗീയകലാപത്തിനിടെയാണ് സംഭവം. വര്‍ഷങ്ങള്‍ കഴിഞ്ഞ് 2000ത്തില്‍ കേസില്‍ പ്രതികളായ 16 പേര്‍ കീഴടങ്ങുകയും ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. മറ്റ് മൂന്നുപേര്‍ ഈ കാലയളവില്‍ മരിച്ചു. ഈ കേസിന്റെ വിചാരണ ഗാസിയാബാദ്
ജില്ല കോടതിയില്‍ നിന്ന് ഡല്‍ഹി തീസ് ഹസാരി കോംപ്ലക്‌സിലെ സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്ന് 2002ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2015ല്‍ കുറ്റാരോപിതരായ 16 പേരെ തെളിവിന്റെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: