X

തനിമ ചോരാത്ത ലോകകപ്പ് ഖത്തറിന്റെ ഉത്തരവാദിത്വം: ഹസന്‍ അല്‍തവാദി

ദോഹ: ഫുട്‌ബോള്‍ പ്രേമികളുടെ ആവേശമായ ഫിഫ ലോകകപ്പിന്റെ ഓരോ ഘട്ടവും തനിമ ചോരാതെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഉത്തരവാദിത്തം പുതുമുഖമെന്ന നിലയില്‍ ഖത്തറിനുണ്ടെന്നും അതിനാല്‍ തന്നെ 2022ലെ ടൂര്‍ണമെന്റില്‍ അങ്ങേയറ്റംവരെ ഇക്കാര്യം ശ്രദ്ധിക്കുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി) സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു.
യു കെ സന്ദര്‍ശനത്തിനിടെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന്റെ ബ്രിട്ടനിലെ അംബാസിഡര്‍ യൂസുഫ് അല്‍ഖാതിറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ചരിത്ര കേന്ദ്രങ്ങളും പ്രശസ്തയിടങ്ങളും ഇരുവരും സന്ദര്‍ശിച്ചു.
വെംബ്ലി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഗ്രെഡ് ക്ലര്‍കിന്റെ അതിഥിയായും അല്‍തവാദി പങ്കെടുത്തു. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട ഓരോ സംരംഭങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
ജനറേഷന്‍ അമേസിംഗ്, പാര്‍ക്‌ലൈഫ് അടക്കമുള്ളവ ചര്‍ച്ചയായി. ഭാവിയിലെ സംയുക്ത സംരംഭങ്ങളും വിവര കൈമാറ്റ പരിപാടികളും ചര്‍ച്ച ചെയ്തു. ഷഫീല്‍ഡില്‍ നിരവധി പദ്ധതി പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ഫുട്‌ബോള്‍ അസോസിയേഷന്‍ ആദ്യ പാര്‍ക്‌ലൈഫ് സെന്റര്‍, ഒളിമ്പിക് ലെഗസി ഹബ് തുടങ്ങിയവ സന്ദര്‍ശിച്ചു. ഷഫീല്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ പ്രത്യേക അവതരണവുമുണ്ടായിരുന്നു. 2001ലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഹസന്‍ അല്‍തവാദിക്ക് കൈമാറി. ഷഫീല്‍ഡിലെ നിയമവിദ്യാര്‍ഥിയായിരുന്നു അദ്ദേഹം.

chandrika: