X

മണ്ണിന്റെ മകന്‍ പരാമര്‍ശത്തില്‍; മോദിക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുജറാത്തി വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിശിത വിമര്‍ശവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. പൂര്‍ണമായും വ്യക്തി കേന്ദ്രീകൃതമായ പ്രചാരണമാണ് മോദി കഴിഞ്ഞ ദിവസം നടത്തിയത്. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് വ്യക്തിയെ ചൊല്ലിയുള്ള തെരഞ്ഞെടുപ്പല്ലെന്നും വാഗ്ദാനം ചെയ്തിട്ടും 42 മാസം കഴിഞ്ഞിട്ടും എത്താത്ത നല്ല നാളുകള്‍ ചോദിച്ചു കൊണ്ടുള്ളതാണെന്നും ചിദംബരം പറഞ്ഞു. മണ്ണിന്റെ മകന്‍ വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ച മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന കാര്യം മറന്നോ എന്നും അദ്ദേഹം ചോദിച്ചു. മോദിയുടെ പ്രചാരണം തന്നെ കുറിച്ചും തന്റെ ഭൂത കാലത്തെ കുറിച്ചും ഗുജറാത്തിനോടും ഗുജറാത്തികളോടുമുള്ള അവഗണനയെ കുറിച്ചുമായിരുന്നു.

അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന കാര്യം മറന്നു പോയോ?. രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച്, നിക്ഷേപത്തെ കുറിച്ച്, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ച, പണപ്പെരുപ്പം, കയറ്റുമതി മുരടിപ്പ് എന്നീ വിഷയങ്ങളെ കുറിച്ച് എന്തു കൊണ്ട് അദ്ദേഹം സംസാരിക്കുന്നില്ലെന്നും ചിദംബരം ട്വിറ്ററിലൂടെ ചോദിച്ചു.

ഗാന്ധിജി ഗുജറാത്തിന്റെ പുത്രനും ഇന്ത്യക്കാരനുമായിരുന്നെന്നത് മോദി മറന്നു. അദ്ദേഹത്തെ രാഷ്ട്രപിതാവായാണ് ആദരിച്ചത്. സ്വാതന്ത്ര്യ പോരാട്ടത്തിന് മാര്‍ഗമായി അദ്ദേഹം കോണ്‍ഗ്രസിനെയാണ് കണ്ടതെന്നും ചിദംബരം ഓര്‍മിപ്പിച്ചു. നിരാശ ബാധിച്ച ബി.ജെ.പിയും മോദിയും ഇപ്പോള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ മുറുകെ പിടിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതേ സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസ് മുന്നോട്ടു വെച്ച ഭിന്നിപ്പിന്റെ ആശയത്തെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ചിദംബരം ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണങ്ങളെ മറികടക്കുന്നതിനായി മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുടെ വന്‍ നിരയെ ഇറക്കി പ്രചാരണം നടത്തുന്ന ബി.ജെ.പി കോണ്‍ഗ്രസ് ഗുജറാത്തിനെ ഇഷ്ടപ്പെടുന്നില്ലെന്നും മറ്റു സംസ്ഥാനങ്ങള്‍ക്കു പിന്നില്‍ ഗുജറാത്ത് വരാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

അതേ സമയം കോണ്‍ഗ്രസിനെതിരെ മോദി നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണം പൊള്ളയായ വാഗ്ദാനങ്ങള്‍ ചര്‍ച്ചയാവുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി ഗുജറാത്തിന് വേണ്ടി മാത്രമുള്ള ആളാണെങ്കില്‍ എന്തു കൊണ്ട് പ്രധാനമന്ത്രിയെ മാറ്റിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു. മോദിക്ക് സഹിഷ്ണുതയും ജനാധിപത്യ മാനസികാവസ്ഥയുമില്ലാത്തതിനാലാണ് കഴിഞ്ഞ ദിവസത്തെ മണ്ണിന്റെ വാദമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ദാര്‍ പട്ടേലിനെ കോണ്‍ഗ്രസ് അപമാനിച്ചെന്നാണ് ഇപ്പോള്‍ മോദി പറയുന്നത്.

പട്ടേല്‍ കോണ്‍ഗ്രസ് നേതാവും ഇന്ത്യയുടെ ഉപ പ്രധാനമന്ത്രിയുമായിരുന്നു. മോദി സ്റ്റാച്ച്യു ഓഫ് യൂണിറ്റിക്ക് തുടക്കമിട്ടപ്പോള്‍ താന്‍ അദ്ദേഹത്തോട് ഒരു അപേക്ഷ നടത്തിയിരുന്നു. 1939 ഫെബ്രുവരി നാലിന് സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസ് തവലവന്‍ ഗോള്‍വാര്‍ക്കറിന് എഴുതിയ കത്ത് ഒരു ചെമ്പ് ഫലകത്തില്‍ അതിനോടൊപ്പം വെക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായും ശര്‍മ പറഞ്ഞു.

chandrika: