സിര്‍സ: ദേര സച്ചാ സൗദ നേതാവ് ഹണിപ്രീത് ഇന്‍സാന് ദേര ക്യാമ്പിനകത്തു നിന്നു തന്നെ വധഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ ഹരിയാന പൊലീസിന് കൈമാറി. ഐ.ബി റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണെന്ന് ഹരിയാന ഡി.ജി.പി ബി.എസ് സന്ധു വ്യക്തമാക്കി. ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
സെപ്തംബര്‍ ഒന്നു മുതല്‍ ഒളിവിലുള്ള ഹണിപ്രീതിനായി പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുര്‍മീത് റാം റഹിമിനെ ജയിലിലടച്ചതിന് പിന്നാലെയാണ് ഇവരെ കാണാതായത്. ഗുര്‍മീതിന്റെ സന്തത സഹചാരിയായിരുന്ന ഇവര്‍ക്ക് ദേര ആസ്ഥാനത്തെ എല്ലാ രഹസ്യവും അറിയാം. ഇതു തന്നെയാണ് ഭീഷണിക്കു പിന്നിലുള്ള കാരണവും എന്നാണ് ഐ.ബി കരുതുന്നത്.
പപ്പാസ് എയ്ഞ്ചല്‍ എന്നാണ് ഹണിപ്രീത് സ്വന്തം പരിചയപ്പെടുത്താറുള്ളത്. ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഇവര്‍ സജീവമാണ്. ട്വിറ്ററില്‍ പത്ത് ലക്ഷവും ഫേസ്ബുക്കില്‍ അഞ്ചു ലക്ഷവും പേര്‍ ഇവരെ പിന്തുടരുന്നുണ്ട്.
റാം റഹിം അഭിനയിച്ച എം.എസ്.ജി 2 മെസെഞ്ചര്‍, എം.എസ്.ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് എന്നീ സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര്. റാം റഹിമിന്റെ അടുത്തെത്തിയതോടെ പേരു മാറ്റുകയായിരുന്നു. മുന്‍ ദേര അനുയായി വിശ്വാസ് ഗുപ്തയുമായി 1999 ഫെബ്രുവരി നാലിന് ഇവരുടെ വിവാഹം നടന്നിട്ടുണ്ട്.
ഹണിപ്രീത് എവിടെ?
ഓഗസ്റ്റ് 28നാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ജഗ്ദീപ് സിങ് കേസില്‍ ദേര മേധാവിക്ക് 20 വര്‍ഷത്തെ തടവു വിധിച്ചത്. വിധി പ്രസ്താവത്തിനു ശേഷം ഹണിപ്രീതിനെ കുറിച്ച് വിവരമില്ല. ഇവര്‍ നേപ്പാളിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്.
വിധി കേള്‍ക്കാനായി ഹണിപ്രീത് പഞ്ച്കുള കോടതിയിലെത്തിയിരുന്നു. റോഹ്തകിലെ ജയിലിലേക്ക് ഹെലികോപ്ടറില്‍ കൊണ്ടു പോകുമ്പോഴും ഇവര്‍ കൂടെയുണ്ടായിരുന്നു.
റാം റഹിം സിങിന് ഭാര്യയുമായി അവിഹിത ബന്ധമുണ്ട് എന്ന് പരാതിപ്പെട്ട് 2011ല്‍ വിശ്വാസ് ഗുപ്ത കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം ഇവര്‍ പിരിഞ്ഞു. ഹണിപ്രീത് റാം റഹിമിനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.