ഫത്തേബാദ്: ഹരിയാനയില്‍ നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം പൊലീസ് അറസ്റ്റില്‍. ബാബ അമര്‍പുരി (60) എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് പീഡനകേസില്‍ പൊലീസ് പിടിയിലായത്. 120 ഓളം സ്ത്രീകളെ ഇയാള്‍ ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. സ്ത്രീകള്‍ക്ക് മയക്കുമരുന്ന് നല്‍കിയശേഷമായിരുന്നു ബലാത്സംഗം.
ബില്ലു എന്ന വിളിപ്പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയശേഷം അതുപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് വീണ്ടും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ താമസസ്ഥലത്ത് പൊലീസ് നടത്തിയ തിരച്ചില്‍ 120 വീഡിയോ ക്ലിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയിലെല്ലാം വെവ്വേറെ സ്ത്രീകളാണെന്നാണ് വിവരം.
സ്വാമി അമര്‍പുരിക്കെതിരെ ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ ആരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. അമര്‍പുരിയുടെ ഒരു ബന്ധു ബലാത്സംഗ ദൃശ്യങ്ങള്‍ ഒരു സിഡിയിലാക്കി പൊലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് ബലാത്സംഗ കേസില്‍ അമര്‍പുരി പിടിയിലാവുന്നത്. അതേസമയം പൊലീസിന് ലഭിച്ച വീഡിയോ ക്ലിപ്പുകളിലെ രണ്ടു പേര്‍ സ്വാമിക്കെതിരെ മൊഴി നല്‍കാന്‍ തയ്യാറായിട്ടുണ്ട് എന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം. കോടതിയില്‍ ഹാജരാക്കിയ സ്വാമിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഒമ്പത് മാസങ്ങള്‍ മുമ്പ് ഇയാള്‍ക്കെതിരെ ബലാത്സംഗത്തിന് പോലീസ് കേസെടുത്തിരുന്നു. ഇയാളുടെ ക്ഷേത്രത്തില്‍ വച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു സ്ത്രീയുടെ പരാതി.