ചണ്ഡിഗഢ്: കച്ചവടത്തിന് മഹാത്മ ഗാന്ധിയേക്കാളും നല്ല ബ്രാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയോണെന്ന് ഹരിയാന മന്ത്രി അനില്‍ വിജ്. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിലും ഡയറിയിലും നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ചാണ് ബിജെപി മന്ത്രി രംഗത്തെത്തിയത്.
മോദി കാരണമാണ് ഖാദിയുടെ കച്ചവടം വര്‍ധിച്ചതെന്നും ഗാന്ധിയുടെ ചിത്രം കറന്‍സി നോട്ടുകളില്‍ നിന്ന് ഭാവിയില്‍ ഒഴിവാക്കുമെന്നും ഹരിയാനയിലെ ക്യാബിനറ്റ് മന്ത്രി കൂടിയായ അനില്‍ വിജ് അഭിപ്രായപ്പെട്ടു. ഖാദിയുടെ വില്‍പന കുറയാന്‍ കാരണം ഗാന്ധിയുടെ ചിത്രമാണെന്നും ഗാന്ധിയേക്കാള്‍ വിപണന മൂല്യമുള്ള നേതാവ് മോദിയാണെന്നും അനില്‍ വിജ് പറഞ്ഞു.
ഹരിയാന സര്‍ക്കാരിലെ ആരോഗ്യം, കായികം, യുവജനക്ഷേമം എന്നിവയുടെ ചുമതലയുള്ള മന്ത്രിയാണ് അനില്‍.
ഗാന്ധിജി ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്ന തരത്തില്‍ മോദി സ്വന്തം വേഷവിധാനത്തില്‍ നൂല് നൂല്‍ക്കുന്നതാണ് കലണ്ടറിലും ഡയറിയിലുമുള്ളത്. ഗാന്ധിജിയെ മാറ്റി മോദി സ്ഥാനം പിടിച്ചതോടെ രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണ് അനില്‍ വിജിന്റെ പ്രതികരണം.