X

ഗോദയിലെ കാറ്റുവീഴ്ചയില്‍ പിടിവള്ളി ആര്‍ക്ക്

സക്കീര്‍ താമരശ്ശേരി
ഗുസ്തിക്കാരുടെ നാട്, ജാതി രാഷ്ട്രീയത്തിന്റെ ഈറ്റില്ലം, പെണ്‍ഭ്രൂണഹത്യയുടെ തറവാട്, പീഡനങ്ങളുടെ തലസ്ഥാനം.. ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഹരിയാനക്ക് വിശേഷണങ്ങള്‍ എറെ. 1966ല്‍ പഞ്ചാബില്‍ നിന്ന് വിഭജിച്ച് സ്വതന്ത്രമായി. ജാട്ടുകളും ദളിതരും നിര്‍ണായകം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തില്‍ ഏഴിടത്തും വിജയിച്ചത് ബി.ജെ.പി. ഓംപ്രകാശ് ചൗട്ടാലയുടെ ഐ.എന്‍.എല്‍.ഡി രണ്ടിടത്തും കോണ്‍ഗ്രസ് ഒരു സീറ്റിലും ഒതുങ്ങി. രോഹ്തകില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ മകന്‍ ദീപേന്ദ്രര്‍ സിങ് ഹൂഡയാണ് കോണ്‍ഗ്രസിന്റെ മാനംകാത്തത്. 2004ലും 2009ലും ഒമ്പത് സീറ്റായിരുന്നു കോണ്‍ഗ്രസ് സമ്പാദ്യം. ആം ആദ്മി പാര്‍ട്ടിക്കും കാര്യമായ സ്വാധീനമുണ്ടിവിടെ. 1.74 കോടി വോട്ടര്‍മാര്‍. 80,51,140 ഉം സ്ത്രീകള്‍. വോട്ടെടുപ്പ് മെയ് 12ന്.

ചരിത്രം വഴിമാറി
രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയാണ് ബി.ജെ.പി 2014ല്‍ സംസ്ഥാന ഭരണം പിടിച്ചത്. തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലിരുന്ന ഭൂപീന്ദര്‍ സിങ് ഹൂഡ സ്ഥാനഭ്രഷ്ടനായി. 90 അംഗ നിയമസഭയില്‍ കാവിപാര്‍ട്ടിക്ക് 47 സീറ്റ്. ഐ.എന്‍.എല്‍.ഡി-19, കോണ്‍ഗ്രസ്-15, എച്ച്.ജെ.സി-2, ശിരോമണി അകാലിദള്‍-1, ബി.എസ്.പി-1, സ്വതന്ത്രര്‍-5 എന്നിങ്ങനെ കക്ഷിനില. 2005ല്‍ രണ്ടും 2009ല്‍ നാല് സീറ്റ് മാത്രം നേടിയിരുന്ന ബി.ജെ.പി 2014ല്‍ ഒറ്റക്ക് ചരിത്രം കുറിച്ചു. ഒരു സഖ്യത്തിന്റെയും പിന്‍ബലമില്ലാതെ, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പോലും ഉയര്‍ത്തിക്കാട്ടാതെ. 2005ല്‍ 67 ഉം 2009ല്‍ 40ഉം ആയിരുന്നു കോണ്‍ഗ്രസിന്റെ അംഗബലം.

സഖ്യമില്ല
ആരുമായും സഖ്യമുണ്ടാക്കേണ്ടെന്നാണ് ബി.ജെ.പി നിലപാട്. 10 സീറ്റിലും ഒറ്റക്ക് ജയിക്കാന്‍ പാര്‍ട്ടിക്ക് കരുത്തുണ്ടെന്ന്് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി അനില്‍ ജെയിന്‍. ഗൃഹപാഠം ചെയ്താണ് കോണ്‍ഗ്രസിന്റെ വരവ്. സംസ്ഥാനത്തിന്റെ ചുമതല എ.ഐ.സി.സി സെക്രട്ടറി ഗുലാംനബി ആസാദിന്. ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ 15 അംഗ കമ്മിറ്റി രൂപീകരിച്ചു. പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍, മുന്‍ കേന്ദ്ര മന്ത്രി കുമാരി ഷെല്‍ജ, കിരണ്‍ ചൗധരി, രണ്‍ദീപ് സിങ് സുര്‍ജെവാല, കുല്‍ദീപ് ബിഷ്‌നോയി തുടങ്ങിയ പ്രമുഖര്‍ കമ്മിറ്റിയില്‍. സഖ്യത്തിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം കോണ്‍ഗ്രസില്‍ ഓളമുണ്ടാക്കിയിട്ടില്ല.

പിടിവിട്ട് ഐ.എന്‍.എല്‍.ഡി
മുഖ്യപ്രതിപക്ഷമായ ഐ.എന്‍. എല്‍.ഡി-ബി.എസ്.പി ബന്ധത്തില്‍ വിള്ളല്‍. ഐ.എന്‍.എല്‍.ഡിക്കുള്ളിലെ ഭിന്നതകളാണ് ബി.എസ്.പിയെ ചൊടിപ്പിച്ചത്. ബി.ജെ.പി വിമത എം.പി രാജ്കുമാര്‍ സെയ്‌നിയുടെ ലോക്തന്ത്ര് സുരക്ഷാ പാര്‍ട്ടി (എല്‍.എസ്.പി)യുമായി സഖ്യമെന്ന് ബി.എസ്.പി വ്യക്തമാക്കി. ബി.എസ്.പി എട്ട് സീറ്റിലും എല്‍.എസ്.പി രണ്ട് സീറ്റിലും മത്സരിക്കും. ഒരുകൈനോക്കാന്‍ സി.പി.എമ്മും രംഗത്തുണ്ട്. ഹിസാര്‍ മണ്ഡലത്തില്‍ സുഖ്ബീര്‍ സിങാണ് മത്സരിക്കുക. കര്‍ഷക നേതാവായ സുഖ്ബീര്‍ സിങ് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യ പ്രസിഡന്റ് കൂടിയാണ് സുഖ്ബീര്‍ സിങ്.

അതിബുദ്ധി
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള ശ്രമത്തിലാണ് ബി.ജെ. പി. നിയമസഭയുടെ കാലാവധി കഴിയുന്നത് ഒക്ടോബറില്‍. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കൈവിട്ടുപോകാതിരിക്കാനുള്ള അതിബുദ്ധി. അടുത്തിടെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആത്മവിശ്വാസം കൂട്ടുന്നു. ജനുവരിയില്‍ ജിന്ദില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് വിജയവും മുതല്‍ക്കൂട്ട്. തോറ്റത് കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ രണ്‍ദീപ് സിങ് സുര്‍ജെവാല. ഖട്ടാര്‍ക്കെതിരായ ഭരണവിരുദ്ധവികാരം ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമായും വിലയിരുത്തല്‍.

കാരണവന്‍മാര്‍ 89,711
പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം 90നും 99നും ഇടയിലുള്ള വോട്ടര്‍മാരുടെ എണ്ണം 89,711. നൂറു വയസ്സു കഴിഞ്ഞ വോട്ടര്‍മാരുടെ എണ്ണം 5910. നൂറുകഴിഞ്ഞവര്‍ കൂടുതലുള്ളത് മുഖ്യമന്ത്രി ഖട്ടാറിന്റെ കര്‍ണാല്‍ മണ്ഡലത്തില്‍. 553 പേര്‍. നൂറു വയസ്സു കഴിഞ്ഞ വോട്ടര്‍മാര്‍ കുറവുള്ള മണ്ഡലം (111) പഞ്ചകുള. വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, നൂറു വയസ്സു പൂര്‍ത്തിയായ വോട്ടര്‍മാരെ കഴിഞ്ഞ തവണ തെരഞ്ഞെടുപ്പു കമ്മിഷന്‍ ആദരിച്ചിരുന്നു. അവശതകള്‍ക്കിടയിലും ജനാധിപത്യ ചുമതല നിര്‍വഹിക്കാന്‍ പോളിങ് ബൂത്തിലെത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ പുതുതലമുറയ്ക്കു മാതൃകയാണെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ പറയുന്നു.

കര്‍ഷക രോഷം പിടിവള്ളി
വിളകള്‍ക്ക് ന്യായമായ വില ലഭിക്കാത്തതിലും വായ്പ എഴുതിത്തള്ളാത്തതിലും കര്‍ഷക രോഷം കഠിനം. പാലും പച്ചക്കറിയും ഉള്‍പ്പെടെയുള്ള വിളകള്‍ റോഡില്‍ എറിഞ്ഞ് മാരത്തോണ്‍ പ്രതിഷേധം. സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെയും മന്ത്രിമാരുടെയും പ്രസ്താവന. ഇത് പിടിവള്ളിയാക്കാനൊരുങ്ങി കോണ്‍ഗ്രസും. അധികാരത്തില്‍ എത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ഹൂഡയുടെ പ്രഖ്യാപനം. 12 മണിക്കൂറിനകം വൈദ്യൂതി നിരക്കുകള്‍ പകുതിയായി കുറയ്ക്കും. വാര്‍ധക്യ പെന്‍ഷന്‍ 2000 ത്തില്‍ നിന്ന് 3000 ആക്കും. അസംതൃപ്തരായ കര്‍ഷക ജനതയെ കയ്യിലെടുക്കാന്‍ ഇതുതന്നെ ധാരാളം.

പീഢനങ്ങളുടെ തലസ്ഥാനം
റിയോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലികിന്റെ നാട് സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലെന്ന് കണക്കുകള്‍. പെണ്‍ഭ്രൂണഹത്യയില്‍ ഏറ്റവും മുന്നില്‍. 2016, 17, 18 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂട്ടമാനഭംഗങ്ങള്‍ നടന്ന സംസ്ഥാനം. റജിസ്റ്റര്‍ ചെയ്യപ്പെടാത്തവ എത്രയോ കൂടുതല്‍.
ഖാപ്പ് പഞ്ചായത്തുകള്‍ കോടതികള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഹരിയാനയില്‍ കൂടുതല്‍ കേസുകള്‍ പൊലീസ് സ്‌റ്റേഷന്‍ കാണാറില്ല. കഴിഞ്ഞ സെപ്തംബറില്‍ മഹേന്ദ്രഗഡില്‍ സി.ബി.എസ്.ഇ റാങ്ക് ജേതാവായ 19 കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തി. കേസിലെ മുഖ്യപ്രതി പങ്കജ് സൈനികന്‍. ദേശീയ വനിതാ കമ്മിഷന്‍ ഇടപെട്ടപ്പോഴാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതികളെ പിടികൂടിയതും. പീഡനങ്ങള്‍ക്കു കാരണം തൊഴിലില്ലായ്മയും അസംതൃപ്തിയുമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വിവാദമായി. പൂര്‍ണ നഗ്‌നനായ സന്യാസി തരുണ്‍ സാഗര്‍ മഹാരാജ് നിയമസഭയില്‍ എം.എല്‍.എമാരെ അഭിസംബോധന ചെയ്തതും വിവാദം.

ഖട്ടാര്‍ പ്രതിരോധത്തില്‍
ക്രമസമാധാന നില പാടെ അവതാളത്തില്‍. ഹിസാറില്‍ രാംപാല്‍ എന്ന ആള്‍ദൈവത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിലും പൊലീസുമായുള്ള ഏറ്റുമുട്ടലിലും മരിച്ചത് അഞ്ചുസ്ത്രീകളും ഒരു കുട്ടിയും. പിന്നീട് സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിയ സമരത്തില്‍ 30 പേര്‍ മരിച്ചു. ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വ്യാപക അക്രമങ്ങള്‍.
ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വരെ ഇരയായി ഖട്ടാര്‍. ഹിസാറില്‍ നടന്ന ചടങ്ങിനിടെ മുഖ്യമന്ത്രിയുടെ മുഖത്ത് മഷി ഒഴിച്ച് യുവാവിന്റെ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ആകാശയാത്രക്ക് പ്രതിമാസം 24 ലക്ഷം രൂപ ചെലവിടുന്നുണ്ടെന്ന വാര്‍ത്തയും ജനങ്ങളെ ഞെട്ടിച്ചു. ആഡംബരകാറുകള്‍ നിറഞ്ഞ ഖട്ടാറിന്റെ വാഹനവ്യൂഹത്തിന്റെ ചെലവ് വേറെയും.

chandrika: