X

മാനുഷിക്ക് ലോകസുന്ദരിപ്പട്ടം; സര്‍ക്കാര്‍ പദ്ധതികളുടെ വിജയമെന്ന് മന്ത്രി കവിത ജെയ്ന്‍

ചണ്ഡിഗഡ്: സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പെയ്‌ന്റെ ഫലമാണ് മാനുഷി ചില്ലാറിന്റെ ലോകസുന്ദരിപ്പട്ടമെന്ന് ഹരിയാന മന്ത്രി കവിത ജെയ്ന്‍. ട്വിറ്ററിലൂടെയാണ് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രിയായ കവിത ജെയന്റെ അവകാശവാദം.

ഹരിയാനയുടെ അഭിമാനമാണ് മാനുഷിയുടെ നേട്ടം. ഇതോടെ സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ അഭിമാനം ഉയരുമെന്നും മന്ത്രി പറഞ്ഞു. മാനുഷിയുടെ വിജയം മറ്റു പെണ്‍കുട്ടികളേയും ശാക്തീകരിക്കുകയും അവരുടെ ഭാവിയെ കൂടുതല്‍ പ്രകാശമാനമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ മേഖലകളിലും പ്രാവീണ്യമുള്ളവരാണ് ഹരിയാനയിലെ പെണ്‍കുട്ടികള്‍ എന്ന് തെളിയിച്ചിരിക്കുകയാണെന്ന് ധനമന്ത്രി അഭിമന്യു പറഞ്ഞു. ഹരിയാനയിലെ ബംനോലി സ്വദേശിനിയാണ് മാനുഷി.

പതിനേഴു വര്‍ഷത്തിനു ശേഷമാണ് മാനുഷിയിലൂടെ ലോകസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയില്‍ എത്തുന്നത്. സോണിപത് ഭഗത്ഫൂല്‍ സിംഗ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് മാനുഷി. 2017-ലെ ഫെമിന മിസ് ഇന്ത്യ ആയിരുന്നു. ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

chandrika: