ന്യൂഡല്‍ഹി: ഐക്യദാര്‍ഢ്യത്തിന് എന്തെല്ലാം രൂപങ്ങളാണ്! കാര്‍ഷിക നിയമത്തിനെതിരെ ഒരാഴ്ചയിലേറെയായി ഡല്‍ഹിയില്‍ പ്രതിഷേധമിരിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി യുവാവ് എടുത്ത തീരുമാനമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. വിവാഹത്തിന് ആഡംബരക്കാറായ മെഴ്സിഡസ് ബെന്‍സിന് പകരം ട്രാക്ടര്‍ ഉപയോഗിച്ചാണ് യുവാവ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഹരിയാന കര്‍ണാല്‍ സ്വദേശി സുമിത് ദുല്‍ വിവാഹത്തിന് അഞ്ഞിഞ്ഞൊരുങ്ങി ട്രാക്ട്‌റില്‍ വധുവിന്റെ വീട്ടിലെത്തിയത്. ഇതേക്കുറിച്ച് ദുല്‍ പറയുന്നത് ഇങ്ങനെ; ‘ഞങ്ങള്‍ നഗരങ്ങളിലേക്ക് ചേക്കേറിയിരിക്കാം. എന്നാല്‍ ഞങ്ങളുടെ വേര് കൃഷിയിലാണ്. കര്‍ഷകര്‍ക്കായിരിക്കണം മുന്‍ഗണന. അവരുടെ സമരത്തിന് പൊതു പിന്തുണയുണ്ടെന്ന് അറിയാക്കാനാണ് ഈ നീക്കം’. കല്യാണശേഷം വധുവിനെയും കൂട്ടി ഡല്‍ഹിക്ക് പോയി കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കുമെന്നും വരന്‍ വ്യക്തമാക്കി.
വരന്റെ തീരുമാനത്തെ കുറിച്ച് അമ്മാവന്‍ സുരീന്ദര്‍ നര്‍വാള്‍ പറയുന്നത് ഇങ്ങനെ; ‘വിവാഹത്തിനായി അലങ്കരിച്ച ആഡംബരക്കാര്‍ ഒരുക്കിയിരുന്നു. എന്നാല്‍ അവന്‍ അതിനു പകരം ട്രാക്ടര്‍ തെരഞ്ഞെടുക്കുകയായിരുന്നു. അതു മാത്രമല്ല, വിവാഹ ശേഷം ധുലും ഭാര്യയും ഡല്‍ഹിയില്‍ പോയി കര്‍ഷകര്‍ക്ക് പിന്തുണയറിയിക്കും’.
അന്താരാഷ്ട്ര തലത്തില്‍ നിന്നു വരെ കര്‍ഷകര്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് കഴിഞ്ഞ ദിവസം കനഡ ആവര്‍ത്തിച്ചിരുന്നു. നിരവധി സംഘടകളും കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.