ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭിവാനി മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. സി.പി.എം നേതാവായ ഓംപ്രകാശാണ് ഭിവാനിയില്‍ നിന്ന് മത്സരിക്കുന്നത്. ഓംപ്രകാശ് നിലവില്‍ സി.പി.എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
ഹരിയാനയില്‍ വലിയ ജനപിന്തുണയുള്ള സി.പി.എം നേതാവെന്ന നിലയില്‍ ഓംപ്രകാശിന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്ത് കടുത്ത മത്സരത്തിന് വേദിയൊരുക്കും.കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, നേതാക്കളുടെ സാന്നിധ്യത്തിലാണ് ഓംപ്രകാശ് നാമനിര്‍ദേശ പത്രിക നല്‍കിയത്. അതേസമയം ഓംപ്രകാശിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കഴിഞ്ഞ 1പത്ത് വര്‍ഷമായി സംസ്ഥാനത്ത് തുടരുന്ന ബി.ജെ.പി ഭരണത്തിന് ഇത്തവണ അന്ത്യം കുറിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്‍ സിങ് പറഞ്ഞു.
അതേസമയം ഹരിയാനയില്‍ നടക്കാനിരിക്കുന്നത് നിര്‍ണായകവും ശക്തവുമായ തെരഞ്ഞെടുപ്പാണ്. പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി.ജെ.പി, ആം.ആദ്മി പാര്‍ട്ടി എന്നിവ ഒറ്റയ്ക്കാണ് ഹരിയാനയില്‍ മത്സരിക്കുന്നത്. ആം ആദ്മിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. എന്നാല്‍ സഖ്യം രൂപീകരിക്കുന്നതില്‍ ഔദ്യോഗിക തീരുമാനങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം ചേരില്ലെന്ന് ഇരുപക്ഷവും പ്രതികരിച്ചിരുന്നു.
ഇതിനുപുറമെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ഹരിയാന ബി.ജെ.പിയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. പട്ടികയില്‍ ഇടം പിടിക്കാന്‍ കഴിയാതെ വന്നതോടെ മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് മദ്യനയക്കേസില്‍ ജാമ്യം ലഭിച്ചതും ജയില്‍മോചിതനായതും ആം ആദ്മി പാര്‍ട്ടിക്ക് ഗുണകരണമാകുമെന്നാണ് വിലയിരുത്തല്‍.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ചാം തീയതി നടക്കും. നേരത്തെ ഒക്ടോബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് തീയതിയില്‍ മാറ്റം വരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പ് നല്‍കുകയായിരുന്നു. നേരത്തെ തീരുമാനിച്ചത് അനുസരിച്ച് ഒക്ടോബര്‍ നാലിന് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റിയതോടെ, ഫലം ഒക്ടോബര്‍ എട്ടിനായിരിക്കും ഇനി പ്രഖ്യാപിക്കുക. ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.