X

സമരം ചെയ്യുന്ന കര്‍ഷകരെ അടിച്ചൊതുക്കൂ;കൊലവിളിയുമായി ഹരിയാന മുഖ്യമന്ത്രി

കര്‍ഷകരെ അടിച്ചൊതുക്കണമെന്നും രണ്ടോ നാലോ മാസം ജയിലില്‍ കിടന്നാല്‍ വലിയ നേതാവായി തിരിച്ചിറങ്ങാമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ കൊലവിളി പ്രസംഗം. ഒരോ പ്രദേശത്തും ആയിരം പേര്‍ സംഘം ചേര്‍ന്ന് കര്‍ഷകരെ ആക്രമിക്കണം എന്നാണ് ആഹ്വാനം. സംസ്ഥാനത്ത് നടന്ന ബി.ജെ.പി അനുകൂല കര്‍ഷക സംഘത്തിന്റെ യോഗത്തില്‍ സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ ആണ് പുറത്തായത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 2020ലെ മൂന്നു കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവരെ ഒതുക്കണമെന്നാണ് ഖട്ടറിന്റെ നിര്‍ദേശം. അതിനായി വടിയെടുത്ത് ഇറങ്ങാനും കര്‍ഷകരെ നന്നായി ‘പെരുമാറാനും’ എന്താണ് സംഭവിക്കുകയെന്ന് കാണമെന്നും കലാപാഹ്വാനത്തില്‍ പറയുന്നു.

കൊലവിളി പ്രസംഗം നടത്തിയ മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും 40 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. ജയിലില്‍ രണ്ടോ നാലോ മാസം കിടന്നാലും പിന്നീട് നേതാവാകാമെന്ന് മോഹിപ്പിക്കുന്ന ഖട്ടര്‍, ജാമ്യത്തെ കുറിച്ച് വേവലാതി വേണ്ടെന്ന് പറഞ്ഞാണ് നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്നത്. കര്‍ഷകരെ തല്ലിയൊതുക്കാന്‍ ആയുഷ് സിന്‍ഹയെ പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് എവിടെ നിന്നാണ് ഊര്‍ജം ലഭിക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നതായി കര്‍ഷക നേതാക്കള്‍ പറഞ്ഞു.

്അതെ സമയം യു.പിയിലെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങളുമായി കര്‍ഷക സംഘടനകള്‍ മാര്‍ച്ച് നടത്തി. രാജ്യ വ്യാപക പ്രതിഷേധത്തിനാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. അതേസമയം ജനങ്ങള്‍ ശാന്തരാകണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ആവശ്യപ്പെട്ടു. സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനെതിരെ പൊലീസ് കേസെടുത്തു. കൊലക്കുറ്റത്തിനാണ് കേസ് ഫയല്‍ ചെയ്തത്. മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് കേസ്.

കര്‍ഷക സമരത്തിനെതിരായി അജയ് മിശ്രയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവര്‍ക്കെതിരെ മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റുകയായിരുന്നു. ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് മൗര്യയുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അജയ് മിശ്ര. പ്രതിഷേധിക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ വാഹന വ്യൂഹം ഇടിച്ചുകയറ്റിയതോടെ പ്രകോപിതരായ കര്‍ഷകര്‍ ഒത്തുകൂടി. അവര്‍ മന്ത്രിയുടെ വാഹനവ്യൂഹങ്ങളില്‍ ഒന്നിന് തീയിടുകയും ചെയ്തു.

 

 

Test User: