X

യു.എസില്‍ ദുരിതം പെയ്ത് ഹാര്‍വി; കുടുംബത്തിലെ ആറുപേര്‍ മരിച്ചു

ടെക്‌സാസ്: അമേരിക്കയില്‍ ഹാര്‍വി ചുഴലിക്കാറ്റിലും പ്രളയത്തിലും മരണസംഖ്യ 33 ആയി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുമ്പോഴും പ്രളയജലത്തില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഹൂസ്റ്റണില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ വാനില്‍നിന്ന് ഒരു കുടുംബത്തിലെ ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇവരുടെ വാന്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
ഹൂസ്റ്റണ്‍ നഗരത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലാണ്. നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. ജലനിരപ്പ് താഴുന്നതോടെ വരും ദിവസങ്ങളില്‍ മരണസംഖ്യ കൂടാനാണ് സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഹൂസ്റ്റണില്‍നിന്ന് 32,000ത്തിലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ആരംഭിച്ച ശേഷം 8500ലേറെ പേരെ രക്ഷപ്പെടുത്തിയതായി നാഷണല്‍ ഗാര്‍ഡ് അറിയിച്ചു. 24,000 സൈനികരെയാണ് ടെക്‌സാസില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിരിക്കുന്നത്. 100 ഹെലികോപ്ടറുകളും 500 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ടെക്‌സാസിനെ തകര്‍ത്ത ശേഷം ലൂസിയാനയിലും ദിരിതംവിതച്ച ഹാര്‍വി ഇപ്പോള്‍ കെന്റുക്കി ലക്ഷ്യമാക്കി നീങ്ങിയിരിക്കുകയാണ്. അടുത്ത മൂന്നു ദിവസത്തിനിടെ കെന്റുക്കിയിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

chandrika: