സംസ്ഥാനത്ത് പരക്കെ കനത്ത മഴ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. തെക്കെന്നോ വടക്കെന്നോ കാര്യമായ വ്യത്യാസമില്ലാതെയാണീ ദുരിതപ്പെയ്ത്ത്. മലയോര പ്രദേശങ്ങളില്‍ ഇത് വന്‍ ദുരന്തത്തിന് വഴിവെച്ചെങ്കിലും മറ്റു പ്രദേശങ്ങളിലെ മനുഷ്യരുടെ കാര്യവും കഷ്ടമായിരിക്കുന്നു. കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിച്ചിട്ടുള്ള വലിയൊരു വിഭാഗം മനുഷ്യരാണ് ദുരിതപ്പെയ്ത്തിന്റെ നേര്‍ ഇരകളായിരിക്കുന്നത്. ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ ഇത് നെല്ലിന്റെ കൊയ്ത്തു കാലമാണ്. തുടര്‍ച്ചായി പെയ്യുന്ന മഴ ഇതിനകംതന്നെ വിള അപ്പാടെ വെള്ളത്തില്‍മുങ്ങുന്ന അവസ്ഥയുണ്ടാകുകയും കൊയ്ത്ത് ദുസ്സഹമാക്കുകയും ചെയ്തിരിക്കുന്നു. ചെറുകിട കര്‍ഷകരാണ് ഇതിന്റെ ദുരിതമധികവും പേറുന്നതെങ്കിലും വന്‍കിട കര്‍ഷകരുടെ വരുമാനത്തിലും വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൊയ്‌തെടുക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കിട്ടിയ ചെറിയൊരു ശതമാനം നെല്ലുപോലും യഥാസമയം സംസ്‌കരിച്ചെടുക്കാനാകാതെ കഷ്ടപ്പെടുകയാണിക്കൂട്ടര്‍. കര്‍ഷകനെന്ന പേരു മാത്രമാണ് കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന നെല്‍ കൃഷിക്കാര്‍ക്കിപ്പോള്‍ അവശേഷിക്കുന്നത്. ഏതു സമയവും അവസാനിപ്പിക്കാവുന്ന തരത്തിലാണ് ഇന്ന് നെല്‍കൃഷിയുടെ നിലനില്‍പ്പ്.
കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയില്‍ കൊയ്‌തെടുത്തതും എടുക്കാനായതുമായ പതിനായിരക്കണക്കിന് ഏക്കര്‍നെല്‍ കൃഷിയാണ് വെള്ളത്തിലായത്. ഇതിനെ സംസ്‌കരിച്ചെടുക്കണമെങ്കില്‍ കൃഷിക്കാര്‍ സാധാരണയായി ചെയ്യാറുള്ള വെയിലത്തുണക്കല്‍ നടക്കില്ല. പരിഹാരം യന്ത്ര സംവിധാനങ്ങളുടെ സഹായമാണ്. അതാകട്ടെ ചെറുകിട കര്‍ഷകര്‍ക്ക് താങ്ങാനാവാത്തതും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുപോലും അപ്രാപ്യവുമാണ്. പാലക്കാട് ജില്ലയിലെ കന്നിക്കൊയ്‌ത്തെന്ന് വിളിക്കപ്പെടുന്ന ഒന്നാം വിള വിളവെടുപ്പ് ഇതിനകം കണ്ണീര്‍കൊയ്ത്തായി മാറിക്കഴിഞ്ഞു. പല കര്‍ഷകരും തങ്ങളുടെ പാടശേഖരങ്ങള്‍ അപ്പാടെ ട്രാക്ടറുപയോഗിച്ച് നിറഞ്ഞ നെന്മണികളോടെ ഉഴുതുമറിക്കുന്ന കാഴ്ച സങ്കടകരമായിരിക്കുന്നു. ഏക്കറിന് നാല്‍പതിനായിരം രൂപ ചെലവുവരുന്നിടത്ത് അതിന്റെ പകുതിപോലും വിളവെടുത്താല്‍ കിട്ടാന്‍ പോകുന്നില്ല. കിലോക്ക് 28.50 രൂപയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നിരക്കെങ്കിലും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പല കാരണങ്ങള്‍ പറഞ്ഞ് അത് നല്‍കാന്‍ മടിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. വന്‍കിട അരിമില്‍ ഉടമകള്‍ അവസരം മുതലാക്കി കേരളത്തിന്റെ നെല്‍ ശേഖര പ്രദേശങ്ങളില്‍ ഏജന്റുമാരെ വെച്ച് കാത്തുകിടപ്പാണ്. കിട്ടിയ കാശിന് നെല്ലുവില്‍ക്കാന്‍ ഇതോടെ കര്‍ഷകന്‍ നിര്‍ബന്ധിതനാകുന്നു.
സിവില്‍ സപ്ലൈസ് വകുപ്പിനാണ് നെല്ലളന്നെടുത്ത് മില്ലുകളിലെത്തിക്കാനുള്ള ചുമതല. ഇവരാകട്ടെ മില്ലുടമകളുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന പരാതി വ്യാപകമാണ്. ഉദ്യോഗസ്ഥര്‍ കര്‍ഷകന്റെ നെല്‍ശേഖരം സന്ദര്‍ശിച്ച് അര്‍ഹമായ വിലയിടേണ്ടതിന് പകരം നെല്ലിന്റെ ഈര്‍പ്പം പറഞ്ഞ് തുക കുറക്കുകയാണെന്ന് വ്യാപകമായി പരാതിയുയരുകയാണ്. കര്‍ഷകന്റെ കാരണം കൊണ്ടല്ലാതെ ഉണ്ടായ കെടുതിക്കും നഷ്ടത്തിനും സര്‍ക്കാരിന്റെ വകുപ്പ് കാരണമാകുന്നത് അക്ഷന്തവ്യമായ അപരാധമാണ്. പലരും 20ഉം 25ഉം വരെ രൂപയ്ക്കാണ് നെല്ല് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നത്. മതിയായ സംഭരണ കേന്ദ്രങ്ങളില്ലാത്തതുകാരണം കര്‍ഷകരില്‍ മഹാഭൂരിപക്ഷവും വീടുകളുടെ അകത്തളങ്ങളിലാണ് നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. തറയിലെ ഈര്‍പ്പം കാരണം നെല്ല് വീണ്ടും തണുക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ രണ്ടു ദിവസത്തെ മഴയില്‍മാത്രം പാലക്കാട് ജില്ലയില്‍ നാലു കോടിയോളം രൂപയുടെ നാശമാണ് നെല്‍ കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നതെന്നാണ് കൃഷി വകുപ്പുതന്നെ പറയുന്നത്. മഴയുടെ കാരണം പറഞ്ഞ് നെല്ല് സംഭരിക്കാന്‍ വൈകുന്നതും കര്‍ഷകരെ ഇരുട്ടത്ത് നിര്‍ത്തുന്നതിന ്തുല്യമാണ്. കര്‍ഷകര്‍ രജിസ്‌ട്രേഷന്‍ മുതലായ നൂലാമാലകളിലൂടെ കടന്നുപോയിവേണം ഓരോ പുഞ്ചയിലും സംഭരണത്തിന് അവകാശികളാവാന്‍. ഇതുകഴിഞ്ഞ തുക കിട്ടുന്നതിനാകട്ടെ മാസങ്ങള്‍ താമസം വരികയും ചെയ്യുന്നു. നഷ്ടപരിഹാരത്തിന് തുകയുണ്ടെങ്കിലും അതിന് പണമില്ലെന്നതാണ് സര്‍ക്കാരിന്റെ മറുപടി. നേരിയ തുകയെങ്കിലും നഷ്ടപരിഹാരമായി കിട്ടുമെന്ന പ്രതീക്ഷയും ഇതോടെ അസ്ഥാനത്താകുകയാണ്. ഏപ്രിലില്‍ കുട്ടനാട്ടില്‍ കൊയ്‌തെടുത്ത നെല്ലിന്റെ സംഭരണം പ്രതിസന്ധിയിലായത് കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരുന്നു. ആദ്യ സീസണിലും സ്ഥിതി വ്യത്യസ്ഥമല്ല. പേമാരിയെയും വെള്ളക്കെട്ടിനെയും അതിജീവിച്ചാണ് കര്‍ഷകര്‍ ഇവിടെ നെല്‍കൃഷി നടത്തുന്നത്. ഏത് സമയത്തും വെള്ളമെടുത്തുപോകാവുന്ന വിധത്തിലും. നെല്ലും കുട്ടനാടും അവിടുത്തെ ജനതതന്നെയും മഹാപ്രയാസത്തിലാണ്. ഈ സമയത്താണ് സര്‍ക്കാരും കൃഷി-സിവില്‍ സപ്ലൈസ് വകുപ്പുകളും ഇവരെ പരിഹസിക്കുന്നത്. വെള്ളക്കെട്ടിന് പുറമെ വരിനെല്ലുപോലുള്ള പലവിധ രോഗങ്ങളും ഭീഷണിയാണ്. കാട്ടാന മുതല്‍ പന്നിയും മയിലും വരെയുള്ള വന്യജീവികളുടെ ശല്യം അതിലുമേറെയാണ്. കേരളത്തിന്റെ അവശിഷ്ട നെല്‍കൃഷി മേഖലയെയെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നെല്‍കൃഷി പാക്കേജ് പ്രഖ്യാപിക്കണം.