കല്‍പ്പറ്റ: നഞ്ചന്‍കോഡ് വയനാട് നിലമ്പൂര്‍ റെയില്‍പാതയോടുള്ള ഇടതു സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വയനാട് ജില്ലയില്‍ ഹര്‍ത്താലാചരിക്കാന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വിശദ പദ്ധതി രേഖക്കുള്ള(ഡി.പി.ആര്‍) അനുമതി ലഭിച്ച പാതയായിട്ടും അനുവദിച്ച പണം നല്‍കാത്ത നടപടി വയനാട്ടിലെ ജനങ്ങളോടുള്ള അവഗണനയും വെല്ലുവിളിയുമാണെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ സി.പി വര്‍ഗീസ്, കണ്‍വീനര്‍ പി.പി.എ കരീം എന്നിവര്‍ പറഞ്ഞു. നഞ്ചന്‍ഗോഡ്‌വയനാട്‌നിലമ്പൂര്‍ റെയില്‍പാത അട്ടിമറിക്കുന്നതിനായി ശ്രമിക്കുന്ന തല്‍പ്പരകക്ഷികള്‍ക്ക് പിന്തുണയാവുന്ന വിധം പദ്ധതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ സബ്മിഷന് റെയില്‍വേയുടെ ചാര്‍ജ്ജുള്ള മന്ത്രി ജി.സുധാകരന്‍ നല്‍കിയ മറുപടി ഇതിന് തെളിവാണ്. കര്‍ണാടക പാതയ്‌ക്കെതിരാണെന്ന വാദവും മന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാണിച്ച വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനവും തെറ്റായിട്ടും നിയമസഭയില്‍ പോലും ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുന്നത് പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനാന്‍ മാത്രമേ ഉപകരിക്കൂ. സര്‍വ്വേക്ക് അനുവദിച്ച പണം പോലും നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ഡി.എം.ആര്‍.സി പദ്ധതിയില്‍ പിന്‍വാങ്ങുകയാണെന്ന് മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സഹാചര്യത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചത്. പിന്നോക്കപ്രദേശമായ വയനാടിനെ പൂര്‍ണ്ണമായും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ വന്‍വിജയമാക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു