X

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി. കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം തേടുമെന്നും വ്യാപാരി സംഘടനാ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല അയ്യപ്പകര്‍മ്മസമിതിയാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ശബരിമല വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കടകള്‍ക്ക് നേരെ സംസ്ഥാന വ്യാപകമായി ആക്രമണങ്ങള്‍ നടന്നത് അപലപനീയമാണ്. സര്‍ക്കാറിനോടുള്ള ദേഷ്യം തീര്‍ക്കേണ്ടത് നിരപരാധികളായ വ്യാപാരികളോടല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താല്‍ വിരുദ്ധ വ്യാപാരി കൂട്ടായ്മയുടെ തീരുമാനവും ഹര്‍ത്താലിനോട് സഹകരിക്കെണ്ടെന്നാണ്. കച്ചവടക്കാര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസിറുദ്ദീന്‍ പറഞ്ഞു.

മുന്‍ തീരുമാന പ്രകാരം നാളെ സംസ്ഥാനത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വിവിധ വാപ്യാര വ്യവസായി സംഘടന നേതാക്കള്‍ അറിയിച്ചു. ഇവര്‍ക്ക് പുറമെ സ്വകാര്യ ബസുടമ സംഘടനകളും ടൂറിസം സ്ഥാപനങ്ങളും ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയുടെ പേരില്‍ ബിജെപി അനാവശ്യമായി നിരന്തരം ഹര്‍ത്താലുകള്‍ നടത്തിയതിനെ തുടര്‍ന്ന് ഇനിയുള്ള ഹര്‍ത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന് നേരത്തെ സംസ്ഥാനത്തെ വിവിധ സംഘടനകള്‍ തീരുമാനിച്ചിരുന്നു.

ഹര്‍ത്താലിനെതിരെ പൊതു നിലപാട് സ്വീകരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ വ്യാപാരവ്യവസായ മേഖലകളിലുള്‍പ്പടെ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി സമിതി, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഓള്‍ കേരള െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, െ്രെപവറ്റ് ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ തുടങ്ങി അറുപതോളം സംഘടനകള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ഹര്‍ത്താലാണ് നാളത്തേത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ആക്രമണങ്ങള്‍ തടയാന്‍ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. നാളെ തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായാല്‍ ഈ സ്‌ക്വാഡിനായിരിക്കും പ്രതിരോധ ചുമതല. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ഫലപ്രദമാവുമെന്ന് തോന്നുന്നില്ലെന്നാണ് വ്യാപാരി നേതാക്കളുടെ അഭിപ്രായം.

എറണാകുളത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേരള മെര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സ് നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളും തുറക്കും. ടെക്‌സ്‌റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്‌സ്, ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ്, പേപ്പര്‍ ട്രേഡേഴ്‌സ്, സാനിറ്ററി ആന്റ് ടൈല്‍സ്, ഹാര്‍ഡ്‌വെയര്‍ ആന്റ് പെയിന്റ്, സ്റ്റീല്‍ ട്രേഡേഴ്‌സ്, അലൂമിനിയം ഡീലഴ്‌സ്, ബേക്കേഴ്‌സ് അസോസിയേഷന്‍, ഹോട്ടല്‍ ആന്റ് റെസ്റ്ററന്റ് തുടങ്ങിയ സംഘടനകളാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയിലുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ സ്വകാര്യ ബസുടമകള്‍ സഹകരിക്കില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും നാളെ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ സംഘടന ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മറ്റു സംഘടനകളുമായി കൂടിയാലോചന നടക്കുകയാണെന്നും ഇക്കാര്യത്തില്‍ വൈകിട്ടോടെ അന്തിമ തീരുമാനം എടുക്കുമെന്നും കേരള െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ബി സത്യന്‍ അറിയിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ സിനിമ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും കൂട്ടായ്മയായ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും നിര്‍ബന്ധിത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ (കെടിഎം) നേതൃത്വത്തിലുള്ള 28 ടൂറിസം സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയും നേരത്തെ നിലപാടെടുത്തിട്ടുണ്ട്.

chandrika: